ടെഹ്‌റാൻ: ഇന്ത്യയുമായി തങ്ങൾ സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ഇറാൻ സന്ദർശനത്തിനിടെ മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു പാക് പ്രധാനമന്ത്രി സമാധാന നീക്കത്തിനുള്ള സന്നദ്ധത അറിയിച്ചത്. കശ്മീർ, ഭീകരവാദം, ജലവിതരണത്തിലെ തർക്കം, വ്യാപാരം എന്നീ വിഷയങ്ങളിൽ ചർച്ചയാകാം എന്നാണ് ഷഹബാസ് ഷരീഫ് പറഞ്ഞത്. ചർച്ചയ്ക്ക് ഇന്ത്യ തയ്യാറായാൽ പാക്കിസ്ഥാൻ സമാധാനം ആഗ്രഹിക്കുന്ന രാജ്യമായി മാറുന്നത് കാണിച്ചുതരാമെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു.
അതേസമയം പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യ സിന്ധു നദീജല കരാർ റദ്ദാക്കിയത് പാക്കിസ്ഥാന് കനത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കൂടാതെ പാക്കിസ്ഥാൻ ഭീകരപ്രവർത്തനത്തിന് സഹായം നൽകുന്നത് ബോധ്യപ്പെടുത്താൻ ഇന്ത്യൻ പ്രതിനിധി സംഘങ്ങൾ വിവിധ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. ഈ നീക്കത്തിന് രാജ്യാന്തര തലത്തിൽ വൻ സ്വീകാര്യത ലഭിച്ചുവരുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാൻ ഒടുവിൽ സമവായമല്ലാതെ മറ്റൊരു വഴിയുമില്ലെന്ന തരത്തിൽ പ്രധാനമന്ത്രിയുടെ പ്രതികരണം പുറത്തുവന്നത്.
മാത്രമല്ല പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. പാക്കിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തർത്തിരുന്നു. അതുമാത്രമല്ല ഇന്ത്യയിലേക്ക് പാക്കിസ്ഥാൻ തൊടുത്ത ഡ്രോണുകളും മിസൈലുകളും ഇന്ത്യൻ പ്രതിരോധ സംവിധാനം തർത്തിരുന്നു. ഇതിന് പിന്നാലെ പാക്കിസ്ഥാൻ്റെ തന്ത്രപ്രധാനമായ വ്യോമ താവളങ്ങൾ ഇന്ത്യ ആക്രമിക്കുകയും കനത്ത നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തിരുന്നു.
ഇതിനെല്ലാം പുറമെ സിന്ധു നദീ ജല കരാറിൽ ഇന്ത്യ കടുത്ത നിലപാട് സ്വീകരിച്ചതും പാക്കിസ്ഥാനെ സമ്മർദ്ദത്തിലാക്കിയിരുന്നു. കൂടാതെ രക്തവും സമാധാനവും ഒരുമിച്ച് പോകില്ലെന്ന ഇന്ത്യയുടെ നിലപാട് പാക്കിസ്ഥാനെ കൂടുതൽ പ്രതിസന്ധിയിലാക്കി. പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല ഉടമ്പടിയുടെ കരാർ റദ്ദാക്കിയത്. ലോകബാങ്കിന്റെ മധ്യസ്ഥതയിൽ 1960ലാണ് ഈ ഉടമ്പടിയിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. സിന്ധു നദിയിലെയും അതിന്റെ പോഷകനദികളിലെ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കരാറിൽ പ്രതിപാദിച്ചിരിക്കുന്നത്. ജല ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇരുപക്ഷവും പങ്കിടണമെന്നും ഈ കരാറിൽ വ്യവസ്ഥയുണ്ട്.
ഇതിന് പിന്നാലെയാണ് ഓപ്പറേഷൻ സിന്ദൂർ ഉണ്ടായത്. ബഹവൽപൂർ, മുരിഡ്‌കെ അടക്കമുള്ള ഒമ്പത് ഭീകരകേന്ദ്രങ്ങളിലാണ് മെയ് ഏഴ് അർധരാത്രി ഇന്ത്യ ആക്രമണം നടത്തിയത്. ബഹാവൽപൂരിലെ ജയ്ഷെ ആസ്ഥാനമായിരുന്നു ഇന്ത്യ തകർത്തത്. മുരിഡ്കയിലെ ലഷ്കർ ആസ്ഥാനവും തകർത്തിരുന്നു. നൂറിലധികം ഭീകരേറെയാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിൽ വധിച്ചത്. ഒമ്പത് ഭീകര കേന്ദ്രങ്ങളും ഇന്ത്യൻ സൈന്യം തകർത്തു.