ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാത ഉപയോഗിക്കുന്നത് വിലക്കിയുള്ള നടപടി ഓഗസ്റ്റ് 24 വരെ നീട്ടി പാക്കിസ്ഥാൻ. രാജ്യത്തെ വ്യോമഗതാഗത നിയന്ത്രണ ഏജൻസിയായ പാക്കിസ്ഥാൻ എയർപോർട്ട് അതോറിറ്റിയാണ് (പിഎഎ) ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ത്യൻ എയർലൈൻസുകൾക്ക് പുറമെ ഇന്ത്യയിൽ റജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കും പാക്കിസ്ഥാൻ വ്യോമാതിർത്തി ഉപയോഗിക്കുന്നതിനുള്ള വിലക്ക് ഒരു മാസത്തേക്ക് നീട്ടിയിട്ടുണ്ട്. ഇന്ത്യൻ എയർലൈനുകളുടെ മറ്റ് രാജ്യങ്ങളിൽ റജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കും നിയന്ത്രണം ബാധകമായിരിക്കും.
ഓഗസ്റ്റ് 24 ന് പുലർച്ചെ 4:59 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. സിവിൽ വിമാനങ്ങൾക്കു പുറമെ സൈനിക വിമാനങ്ങൾക്കും നിരോധനം ബാധകമാണ്. പുതിയ ഉത്തരവിൽ വ്യോമപാത അടച്ചതിനുള്ള കാരണമൊന്നും ഔദ്യോഗികമായി പരാമർശിക്കുന്നില്ല. ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ വ്യോമപാത നിഷേധിച്ചതോടെ രാജ്യാന്തര സർവീസുകൾ കൂടുതൽ സമയമെടുത്താണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. വിമാനങ്ങളുടെ ഇന്ധനച്ചെലവും ഇതോടൊപ്പം വർധിച്ചിട്ടുണ്ട്.