ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിനു പിന്നിൽ തങ്ങളാണെന്നു പാക്കിസ്ഥാൻ സൈന്യം സമ്മതിച്ചു. വെള്ളിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണു പാക്ക് വ്യോമസേന വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്, പുൽവാമ ഭീകരാക്രമണം പാക്ക് സൈന്യത്തിന്റെ ‘തന്ത്രപരമായ മിടുക്ക് ’ എന്നു വിശേഷിപ്പിച്ചത്. 2019ൽ 40 സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണം ഉണ്ടായത്.
‘പാക്കിസ്ഥാനെ തൊട്ടാൽ കണ്ടില്ലെന്നു നടിക്കാനാവില്ല. ഞങ്ങളുടെ തന്ത്രപരമായ മിടുക്ക് എന്താണെന്ന് അവരോട് (ഇന്ത്യയോട്) പറയാൻ ശ്രമിച്ചതാണു പുൽവാമ. ഇപ്പോൾ ഞങ്ങളുടെ ആക്രമണങ്ങളുടെ ശക്തിയും അവർ അറിഞ്ഞിട്ടുണ്ടാകണം,’എന്നാണു ഇന്നലെ സമൂഹമാധ്യമത്തിൽ പ്രചരിച്ച വീഡിയോയിലെ പരാമർശം. പാക്ക് വ്യോമസേനയുടെ പബ്ലിക് റിലേഷൻസ് ഡയറക്ടർ ജനറലാണ് ഔറംഗസേബ്.
അതേസമയം നേരത്തെ പല തവണ പുൽവാമ ആക്രമണത്തിൽ തങ്ങൾക്കു പങ്കില്ലെന്നു പാക്കിസ്ഥാൻ ആവർത്തിച്ചു നിഷേധിച്ചിട്ടുണ്ട്. കശ്മീരിലെ ഭീകരാക്രമണങ്ങളിൽ ഇസ്ലാമാബാദിന്റെ പങ്ക് തെളിയിക്കാൻ ഇന്ത്യയുടെ പക്കലില്ലെന്ന് അന്നത്തെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അവകാശപ്പെട്ടിരുന്നു.