ഇസ്ലാമാബാദ്: സിന്ധു നദീജല കരാറിനെച്ചൊല്ലി ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും രംഗത്ത്. പാക്കിസ്ഥാന്റെ ഒരിറ്റ് വെള്ളം പോലും ഇന്ത്യയ്ക്കു വിട്ടുകൊടുക്കില്ലെന്നും ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു. അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് ഇസ്ലാമാബാദിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഞങ്ങളുടെ വെള്ളം തടഞ്ഞുവെക്കുമെന്ന് നമ്മുടെ ശത്രു ഭീഷണിപ്പെടുത്തുന്നു. ഇത്തരമൊരു നീക്കം നടത്താൻ ശ്രമിച്ചാൽ, പാക്കിസ്ഥാൻ നിങ്ങൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു പാഠം നൽകും” എന്നായിരുന്നു ഷെരീഫിന്റെ വാക്കുകൾ. അതുപോലെ ഇൻഡസ് നദീജലം പാക്കിസ്ഥാന്റെ ജീവരക്തമാണെന്നും അന്താരാഷ്ട്ര ഉടമ്പടികളിൽ പാക്കിസ്ഥാന്റെ അവകാശങ്ങളെക്കുറിച്ചുള്ള കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാക്കിസ്ഥാന്റെ വിദേശകാര്യ ഓഫീസ് ഇൻഡസ് നദീജല കരാറിൻ്റെ സാധാരണ പ്രവർത്തനം പുനരാരംഭിക്കാൻ ഇന്ത്യയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഷെഹബാസ് ഷെരീഫിൻ്റെ പ്രസ്താവന. ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്ഥാനാണെന്ന് ഇന്ത്യയ്ക്ക് തെളിവ് സഹിതം വിവരം ലഭിച്ചതിന് പിന്നാലെയാണ് 1960-ലെ സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചത്.
ഇതോടെ പാക് നേതാക്കൾ ഭീഷണിയുമായി രംഗത്തെത്തുകയായിരുന്നു. നേരത്തെ പാക് രാഷ്ട്രീയ നേതാവായ ബിലാവൽ ഭൂട്ടോയും സിന്ധു നദീജല തർക്കത്തിൽ ഇന്ത്യക്കെതിരെ യുദ്ധഭീഷണി മുഴക്കിയിരുന്നു. അതുപോലെ പാക്കിസ്ഥാൻ ആർമി മേധാവി അസിം മുനീർ അടുത്തിടെ നടത്തിയ യുഎസ് സന്ദർശനത്തിനിടെ ഇന്ത്യയുമായി ഒരു ആണവയുദ്ധ സാധ്യതയുണ്ടെന്നും ഭീഷണിപ്പെടുത്തിയിരുന്നു. 1960-ൽ ലോകബാങ്കിന്റെ മധ്യസ്ഥതയിൽ ഒപ്പുവെച്ച കരാറനുസരിച്ച്, ബിയാസ്, സത്‌ലജ്, രവി നദികളിലെ ജലത്തിൽ ഇന്ത്യക്ക് പൂർണ്ണ അവകാശമുണ്ട്. സിന്ധു, ഝലം, ചിനാബ് നദികളിലെ ജലത്തിൽ പാക്കിസ്ഥാന് അവകാശമുണ്ട് എന്നുമായിരുന്നു ഉണ്ടായിരുന്നത്.
അതേസമയം ജമ്മു കശ്മീരിലെ ചിനാബ് നദിയിൽ ഇന്ത്യ അതിൻ്റെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതി ആരംഭിക്കാൻ ഒരുങ്ങുകയാണ്. 1,856 മെഗാവാട്ടിന്റെ ഈ പദ്ധതിക്ക് പാക്കിസ്ഥാന്റെ അനുമതി തേടില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.