എറണാകുളം: ബ്രോഡ് വേയിലെ മൊത്ത തുണി വ്യാപാര സ്ഥാപനമായ രാജധാനിയിൽ നിന്ന് 6 കോടി 75 ലക്ഷം രൂപ പിടികൂടി. സ്റ്റേറ്റ് ജി എസ് ടി &ഇൻ്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥരാണ് പണം പിടികൂടിയത്. വസ്ത്ര വ്യാപാര മേഖലയിലെ മൊത്ത വിൽപ്പന കടകൾ വഴി വൻതോതിൽ നികുതിയടക്കാതെ പണം സൂക്ഷിക്കുന്നു എന്ന വിവരത്തെ തുടർന്നാണ് എറണാകുളം ജില്ലയിലെ മൊത്ത വ്യാപാര സ്ഥാപനങ്ങളിൽ സ്റ്റേറ്റ് ജി എസ് റ്റി ഇൻറലിജൻസ് വിഭാഗം നിരീക്ഷണത്തിനുശേഷം പരിശോധനകൾ ആരംഭിച്ചത്.
ഈ പരിശോധനയിലാണ് ബ്രോഡ് വേയിൽ പ്രവർത്തിക്കുന്ന എറണാകുളത്തെ പ്രധാനപ്പെട്ട തുണിക്കടയായ രാജധാനി ടെക്സ്റ്റൈൽസിൽ നിന്ന് പണം പിടികൂടിയത്. നാലു വ്യാപാരസ്ഥാപനങ്ങളിലും ഉടമയുടെ വീട്ടിലും ആയിട്ടായിരുന്നു പണം സൂക്ഷിച്ചിരുന്നത്. അഞ്ചുകോടി രൂപയിൽ അധികം കണക്കിൽ പെടാതെ കണ്ടെത്തിയാൽ ഉടമയെ അറസ്റ്റ് ചെയ്യണം എന്നുള്ളതാണ് നിയമം എന്നാൽ രാജധാനിയിൽ നിന്ന് ആറു കോടി രൂപയ്ക്ക് മുകളിൽ പണം പിടികൂടിയിട്ടും തുടർനടപടികൾ വൈകുകയാണ് എന്നാണ് ആരോപണം.
ഉന്നതതല ബന്ധങ്ങളാണ് രാജധാനിയിലെ കണക്കിൽ പെടാത്ത പണത്തിന്റെ അന്വേഷണത്തെ തടസ്സപ്പെടുത്തുന്നതെന്നും ആരോപണം ഉയരുന്നുണ്ട്. ബ്രോഡ് വേ കേന്ദ്രീകരിച്ച പ്രവർത്തിക്കുന്ന വസ്ത്ര വ്യാപാര മേഖലയിലെ കൂടുതൽ സ്ഥാപനങ്ങൾ അന്വേഷണപരിധിയിൽ ആണെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.