ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിക്കു പിന്നാലെ, ‘നീതി നടപ്പായി’ എന്നായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെ പ്രതികരണം. കരസേനയുടെ അഡീഷനൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷൻ സമൂഹ മാധ്യമമായ എക്സിലെ പോസ്റ്റിൽ ‘നീതി നടപ്പായി’ എന്നാണ് പ്രതികരിച്ചത്. അതേസമയം പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സമൂഹമാധ്യമമായ എക്സിൽ ഭാരത് മാതാ കി ജയ് എന്ന പോസ്റ്റ് ചെയ്താണ് ഇന്ത്യൻ സേനയുടെ ഓപ്പറേഷൻ സിന്ദൂറിനെ അഭിനന്ദിച്ചത്. ‘ജയ് ഹിന്ദ്, ജയ് ഹിന്ദ് കീ സേന’ എന്നായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് എക്സിൽ പ്രതികരിച്ചത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു- ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ചിരുന്നു. ‘‘എന്തോ സംഭവിക്കാൻ പോകുന്നെന്ന് ആളുകൾക്ക് അറിയാമായിരുന്നെന്നാണ് ഞാൻ കരുതുന്നത്. അവർ ഏറെക്കാലമായി, ദശകങ്ങളും നൂറ്റാണ്ടുകളുമായി പൊരുതിക്കൊണ്ടിരിക്കുകയാണ്. അത് വേഗം അവസാനിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.’’ – ട്രംപ് പറഞ്ഞു. അതേസമയം, ആക്രമണത്തെപ്പറ്റി റിപ്പോർട്ടുകൾ ലഭിച്ചെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും ഉടൻ പ്രതികരിക്കുന്നില്ലെന്നുമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രതികരിച്ചത്.