ന്യൂഡൽഹി: പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ‘ഐക്യമുണ്ടെങ്കിൽ ഭയപ്പെടേണ്ടതില്ല. അപ്പോൾ അതിരുകളില്ലാതെ നാം കരുത്തരാകും. ഇന്ത്യയുടെ രക്ഷാകവചം അവളുടെ ജനങ്ങളാണ്. ഈ ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ല. നമ്മൾ ഒരൊറ്റ ടീമാണ്.’ സച്ചിൻ തെണ്ടുൽക്കർ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചു. സമാന രീതിയിൽ പ്രതികരണവുമായി പലരും രംഗത്തെത്തിയിട്ടുണ്ട്
’നമ്മുടെ സായുധ സേനയിൽ അഭിമാനമുണ്ട്. പഹൽഗാമിൽ നമ്മുടെ നിരപരാധികളായ സഹോദരങ്ങളെ ഹീനമായി കൊലപ്പെടുത്തിയതിനുള്ള രാജ്യത്തിന്റെ മറുപടിയാണ് ഓപ്പറേഷൻ സിന്ദൂർ. ഇന്ത്യയ്ക്കും നമ്മുടെ ജനതയ്ക്കും നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ മറുപടി നൽകുമെന്ന് മോദി സർക്കാർ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്. ഭീകരവാദത്തെ വേരൊടെ പിഴുതെറിയും’, അമിത് ഷാ എക്‌സിൽ കുറിച്ചു.
അതേസമയം പാക് ഭീകര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ സേനയുടെ നടപടി സ്വാഗതം ചെയ്ത് കോൺഗ്രസും രംഗത്തെത്തിയിരുന്നു. പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകൾ തകർത്ത ഇന്ത്യൻ സേനയിൽ അഭിമാനിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. അവരുടെ ദൃഢനിശ്ചയത്തെയും ധൈര്യത്തെയും അഭിനന്ദിക്കുന്നു. ഭീകരതക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസ് സേനയ്ക്കും സർക്കാരിനുമൊപ്പം ഉറച്ചുനിന്നു. ഒറ്റക്കെട്ടായി നിൽക്കണമെന്നും ഖർഗെ ആവശ്യപ്പെട്ടു. ദേശീയ ഐക്യവും ഐക്യദാർഢ്യവുമാണ് കാലഘട്ടത്തിന്റെ ആവശ്യം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നമ്മുടെ സായുധ സേനയ്‌ക്കൊപ്പം നിൽക്കുന്നു. ദേശീയ താൽപ്പര്യമാണ് തങ്ങൾക്ക് പരമപ്രധാനമെന്നും ഖർഗെ എക്സിൽ കുറിച്ചു.
ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്നും കോൺഗ്രസ് ഇന്ത്യയുടെ സായുധ സേനയ്‌ക്കൊപ്പമാണെന്നും ജയറാം രമേശ് എംപിയും പറഞ്ഞു. സേനയെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കുറിച്ചു.
പെഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ജയ്ഷെ ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങൾ, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് സേനകൾ ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. കൃത്യതയുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഓപ്പറേഷൻ. ഫ്രാൻസ് നിർമിത സ്കാൽപ് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവ ഇതിനായി സേനകൾ ഉപയോഗിച്ചു.
ഇതിനു മുൻപായി രഹസ്യാന്വേഷണ വിഭാഗങ്ങൾ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിരുന്നു. തുടർന്ന് മൂന്ന് സേനകൾക്കും ഈ വിവരം കൈമാറി. ശേഷമാണ് സേനകൾ സംയുക്തമായി ആക്രമണ പദ്ധതികൾ തയ്യാറാക്കിയതും ആക്രമിച്ചതും. ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വർഷിച്ചത്.
Fearless in unity. Boundless in strength. India’s shield is her people. There’s no room for terrorism in this world. We’re ONE TEAM!
Jai Hind 🇮🇳#OperationSindoor
— Sachin Tendulkar (@sachin_rt) May 7, 2025