ബെർളിൻ: രാത്രി ഷിഫ്റ്റിലെ ജോലിഭാരം കുറയ്ക്കുന്നതിനും നന്നായി ഉറങ്ങാനുമായി 10 രോഗികളെ കൊലപ്പെടുത്തുകയും 27 രോഗികളെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത നഴ്‌സിന് ജീവപര്യന്തം തടവ്. പശ്ചിമ ജർമനിയിലെ വൂർസെലെനിലെ നഴ്‌സാണ് ക്രൂരകൃത്യങ്ങൾക്ക് പിന്നിൽ. എന്നാൽ നഴ്സിന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 2023 ഡിസംബറിനും 2024 മെയ് മാസത്തിനും ഇടയിലുള്ള 5 മാസങ്ങളിലായി
തന്റെ പരിചരണത്തിലുണ്ടായിരുന്ന രോഗികളെയാണ് നഴ്‌സ് കൊലപ്പെടുത്തിയത്.
പിന്നാലെ 2024-ലാണ് നഴ്‌സിനെ അറസ്റ്റ് ചെയ്തത്. രാത്രി ഷിഫ്റ്റുകളിൽ ജോലിഭാരം കുറയ്ക്കാൻ വേദനസംഹാരികളോ മയക്കമരുന്നുകളോ നൽകിയാണ് രോഗികളെ കൊലപ്പെടുത്തിയത്. രോഗികളിൽ കൂടുതലും പ്രായമായവരാണ്. ഇത്തരത്തിൽ കൂടുതൽ പേർ മരിച്ചിട്ടുണ്ടോ എന്നറിയാൻ മറ്റ് മൃതദേഹങ്ങൾ കൂടി പുറത്തെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അതേസമയം ജർമനിയിൽ ജീവപര്യന്തം തടവിന് അനുഭവിക്കേണ്ട കുറഞ്ഞ കാലയളവ് 15 വർഷമാണ്. ഇതിനുശേഷം നഴ്സിനെ പുറത്തുവിടാനുള്ള സാധ്യത കുറവാണ്. അങ്ങനെ നോക്കുമ്പോൾ മരണം വരെയുള്ള ജയിൽ ശിക്ഷയാകും നഴ്‌സിന് ലഭിക്കുക.
















































