ന്യൂഡൽഹി: നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കേസിൽ ഇടപെടുന്നതിനു പരിമിതകളുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. നയതന്ത്ര ഇടപെടൽ അംഗീകരിക്കപ്പെടാത്തതിനാൽ സ്വകാര്യതലത്തിൽ ചർച്ചകൾ നടത്താനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും കേന്ദ്രം. യെമനിൽ സ്വാധീനമുള്ള ആളുകൾ വഴിയാണ് ഇപ്പോൾ ചർച്ച നടത്തുന്നത്. മോചനത്തിനു വേണ്ടി പരാമവധി ശ്രമിക്കും. അതിനായുള്ള ശ്രമങ്ങൾ കേന്ദ്രം നടത്തുന്നുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
അതേസമയം തങ്ങൾക്ക് ഒരു നിർദേശം നൽകാനാവില്ലെന്നു വ്യക്തമാക്കിയ സുപ്രീം കോടതി അനൗദ്യോഗിക ആശയവിനിമയം നടക്കട്ടെയെന്നും പറഞ്ഞു. കേസ് നിരീക്ഷിക്കുകയാണെന്നു വ്യക്തമാക്കിയ കോടതി ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.
നിമിഷ പ്രിയയുടെ ജയിൽ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വീണ്ടും കത്തയച്ചിരുന്നു. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നായിരുന്നു ആവശ്യം. വധശിക്ഷ 16ന് നടപ്പാക്കുമെന്ന് അറിയുന്നുവെന്നും ഉടൻ ഇടപെടണമെന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
അതേസമയം കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തിൽനിന്നു മാപ്പ് ലഭിക്കുക എന്നതാണ് ഇനി നിമിഷയ്ക്ക് മുന്നിലുള്ള ഏക വഴി. അതിവേഗം ഇടപെടാൻ ഇന്ത്യൻ സർക്കാരിനോട് നിമിഷ അഭ്യർഥിക്കുകയാണെന്നും അങ്ങനെ സംഭവിച്ചാൽ താൻ രക്ഷിക്കപ്പെടുമെന്ന് അവർക്ക് പ്രതീക്ഷയുണ്ടെന്നും സേവ് നിമിഷ പ്രിയ ഇന്റർനാഷനൽ ആക്ഷൻ കൗൺസിൽ പ്രവർത്തകൻ ബാബു ജോൺ പറഞ്ഞിരുന്നു. അവസാന നിമിഷംവരെ തങ്ങൾക്കു സാധ്യമായതെല്ലാം ചെയ്യുമെന്നും ബാബു ജോൺ പറഞ്ഞിരുന്നു. എന്നാൽ യെമൻ പൗരന്റെ കുടുംബമോ, സമുദായമോ വ്യക്തമായൊരു നിലപാടെടുക്കാത്തതാണ് ഏവരേയും കുഴപ്പിക്കുന്നത്.