ഭാരതീയ ജനതാ പാർട്ടി (ബിജെപി)യുടെ അസം യൂണിറ്റ് പോസ്റ്റ് ചെയ്ത മുസ്ലീം വിരുദ്ധ എഐ വീഡിയോയ്ക്ക് എതിരെ ആഞ്ഞടിച്ച് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) മേധാവി അസദുദ്ദീൻ ഒവൈസി. വീഡിയോ അപകീർത്തികരം മാത്രമല്ല, വംശഹത്യയും ആണെന്നും, മുസ്ലീം പൗരന്മാരെ അപകടത്തിലാക്കുന്നതാണ് വീഡിയോയെന്നും അദ്ദേഹം വിമർശിച്ചു.
ബിജെപി ഇല്ലാതായാൽ മുസ്ലീം ഭൂരിപക്ഷമുള്ള ഒരു അസ്സമിനെയാണ് വീഡിയോയിൽ കാണുന്നതെന്നും ഒവൈസി പറഞ്ഞു. ഈ വീഡിയോ നിർമ്മിച്ചവർക്കും ഷെയർ ചെയ്തവർക്കുമെതിരെ നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുസ്ലീങ്ങളെ ഭയപ്പെടുത്താനും അരികുവൽക്കരിക്കാനും ലക്ഷ്യമിട്ടുള്ള ഒരു വലിയ “ഹിന്ദുത്വ” പ്രചാരണത്തിന്റെ ഭാഗമാണ് വീഡിയോയെന്ന് എക്‌സിലെ ഒരു പോസ്റ്റിൽ ഒവൈസി ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനപ്പുറം ഈ ക്ലിപ്പ് മുസ്ലീങ്ങളില്ലാത്ത ഒരു രാജ്യം ആഗ്രഹിക്കുന്ന ഒരു “പ്രത്യയശാസ്ത്രത്തെ” പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ഇല്ലായിരുന്നെങ്കിൽ മുസ്ലീം ഭൂരിപക്ഷ അസം ആയിരുന്നെന്ന് കാണിക്കുന്ന ഒരു വെറുപ്പുളവാക്കുന്ന എഐ വീഡിയോ ബിജെപി അസം പോസ്റ്റ് ചെയ്തിട്ടുണ്ട് . വോട്ടിനു വേണ്ടി മാത്രമല്ല അവർ ഇത് ചെയ്യുന്നത്, ഇതാണ് യഥാർത്ഥ രൂപത്തിലുള്ള വെറുപ്പുളവാക്കുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രം. ഇന്ത്യയിലെ മുസ്ലീങ്ങളുടെ നിലനിൽപ്പ് തന്നെ അവർക്ക് ഒരു പ്രശ്നമാണ്, അവരുടെ സ്വപ്നം ഒരു മുസ്ലീം മുക്ത ഭാരതമാണ്. ഈ നിരന്തരമായ പരാതിക്ക് പുറമെ, അവർക്ക് ഇന്ത്യയെക്കുറിച്ച് ഒരു കാഴ്ചപ്പാടും ഇല്ലെന്നും എഐഎംഐഎം മേധാവി കുറിച്ചു.
നരേന്ദ്ര മോദിയെയും അമ്മയെയും ചിത്രീകരിക്കുന്ന ഒരു എഐ വീഡിയോ നീക്കം ചെയ്യാനുള്ള പട്‌ന ഹൈക്കോടതിയുടെ സമീപകാല ഉത്തരവ് ഉദ്ധരിച്ച്, ഈ കേസിലും സമാനമായ നടപടി സ്വീകരിക്കണമെന്ന് എഐഎംഐഎം മേധാവി ആവശ്യപ്പെട്ടു.