ഇസ്രയേൽ വിമാനത്താവളം ആക്രമിച്ച ഹൂതി വിമതർക്കെതിരെ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹൂതി വിമതർ നടത്തിയ മിസൈലാക്രമണത്തിൽ വിമാനത്താവളം തകർന്നതിന് പിന്നാലെയാണ് അദേഹം നിലപാട് വ്യക്തമാക്കിയത്.
തങ്ങൾ ഇതിനു പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച നെതന്യാഹു തിരിച്ചടി ഒന്നിലൊന്നു ഒതുങ്ങില്ലെന്നും വ്യക്തമാക്കി. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർക്കെതിരെ ഇസ്രായേൽ മുമ്പും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഭാവിയിലും നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്നുള്ള ആക്രമണങ്ങളിൽ തങ്ങൾക്കൊപ്പം അമേരിക്കയും ചേരുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ പരാജയപ്പെടുത്തി കൊണ്ടാണ് യെമനിൽനിന്ന് ഹൂതി വിമതർ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ ഇസ്രയേലിലെ സുരക്ഷാ പ്രധാന്യമുള്ള മേഖലയിൽ പതിച്ചത്. ആക്രമത്തിന് പിന്നാലെ സൈനിക നേതൃത്വവുമായി ഫോണിൽ ചർച്ച നടത്തിയ നെതന്യാഹു ഉന്നതതല യോഗവും വിളിച്ചിരുന്നു. ഹൂതികൾക്കുള്ള തിരിച്ചടി കനത്തതായിരിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി കാറ്റ്‌സും മുന്നറിയിപ്പ് നൽകിയിരുന്നു. ‘ഞങ്ങളെ ആക്രമിക്കുന്നവരെ ഏഴ് മടങ്ങ് തിരിച്ചാക്രമിക്കും’ അദ്ദേഹം പറഞ്ഞു.
ബെൻ ഗുറിയോൺ വിമാനത്താവളത്തിലേക്കുള്ള പ്രവേശന റോഡിനോട് ചേർന്നുള്ള പൂന്തോട്ടത്തിലാണ് മിസൈൽ പതിച്ചത്. വിമാനത്താവളത്തിന്റെ പാർക്കിങ് ഭാഗത്തിനോട് ചേർന്ന് നിൽക്കുന്ന ഭാഗമാണിതെന്നാണ് വിവരം. ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിമാനത്താവളം ഒരു മണിക്കൂറോളം അടച്ചിട്ടു. പിന്നീട് പൂർവ സ്ഥിതിയിലാക്കുകയായിരുന്നു. അതേസമയം ഇസ്രയേലിന്റെ തന്ത്രപ്രധാന സ്ഥലങ്ങൾ കയ്യേറാൻ തങ്ങൾക്കു സാധിക്കുമെന്ന് തെളിയിക്കാനാണ് ആക്രമണമെന്ന് ആക്രമണം നടത്തിയതെന്നു ഹൂതികളുടെ മുതിർന്ന നേതാവ് മുഹമ്മദ് അൽ ബുഖൈതി ഖത്തർ ടെലിവിഷനോട് പറഞ്ഞു.