ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നിന്നും കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ വൈകുന്നേരമായപ്പോഴേക്കും ട്വിസ്റ്റ്. തങ്ങൾ ജഡ്ജിയുടെ വസതിയിൽ പണം കണ്ടിട്ടില്ലെന്ന് ഡൽഹി ഫയർഫോഴ്‌സ് ചീഫ് അതുൽ ഗാർഗ് പറഞ്ഞു. തീ അണച്ചതിന് പിന്നാലെ തീപിടിത്തം സംബന്ധിച്ച് പോലീസിനെ അറിയിച്ചു. ഉടൻ ഫയർഫോഴ്‌സ് സംഘം സംഭവസ്ഥലത്ത് നിന്നും മടങ്ങി. തീ അണയ്ക്കുന്നതിനിടെ തങ്ങളുടെ സംഘം അവിടെ പണമൊന്നും കണ്ടില്ലെന്നാണ് അതുൽ ഗാർഗെ ആരോപണം നിഷേധിച്ചുകൊണ്ട് പറഞ്ഞത്.
ജഡ്ജിയുടെ വസതിയിൽ പണം കണ്ടെത്തിയ സംഭവത്തിൽ സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയെന്ന ആരോപണം ഫയർഫോഴ്‌സ് ആരോപണം നിഷേധിച്ചത്. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യയ്ക്ക് സുപ്രീം കോടതി നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെയാണു സംഭവം നടന്നത്. ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ തീപിടിച്ചിരുന്നു. തീ അണയ്ക്കാൻ എത്തിയ ഫയർഫോഴ്സ് അംഗങ്ങൾ വീട്ടിൽ കണക്കിൽപ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയെന്നും തുടർന്ന് സർക്കാർ ഇക്കാര്യം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിച്ചെന്നുമായിരുന്നു വിവരം.