പട്ന ∙ ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് അധികാരമേൽക്കും. ഗാന്ധി മൈതാനിൽ സത്യപ്രതിജ്ഞാ ചടങ്ങിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി മുഖ്യമന്ത്രിമാരും സാക്ഷ്യം വഹിക്കും. എൻഡിഎ സംയുക്ത നിയമസഭാകക്ഷി യോഗമാണു നിതീഷിനെ നേതാവായി തിരഞ്ഞെടുത്തത്.
ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ നേതാവായി സമ്രാട്ട് ചൗധരിയെയും ഉപനേതാവായി വിജയ് സിൻഹയെയും തിരഞ്ഞെടുത്തിരുന്നു. ഇരുവരും ഉപമുഖ്യമന്ത്രിമാരായി തുടരും. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി നിതീഷ് കുമാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചു മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജി നൽകി. സർക്കാർ രൂപീകരണത്തിനു ഘടകകക്ഷികളുടെ പിന്തുണക്കത്തുകളും കൈമാറി. മുഖ്യമന്ത്രി നിതീഷ് കുമാറിനു പുറമേ 10 ജെഡിയു മന്ത്രിമാരും 9 ബിജെപി മന്ത്രിമാരും എൽജെപി (റാംവിലാസ്), ഹിന്ദുസ്ഥാനി ആവാം മോർച്ച, രാഷ്ട്രീയ ലോക് മോർച്ച കക്ഷികളിൽനിന്ന് ഓരോ മന്ത്രിമാരും ഇന്നു സത്യപ്രതിജ്ഞ ചെയ്യുമെന്നാണു സൂചന. മന്ത്രിസഭ പിന്നീട് വികസിപ്പിക്കും. പത്താം തവണയാണ് നിതീഷ് മുഖ്യമന്ത്രിയാകുന്നത്.


















































