തൃശ്ശൂര്‍: സിപിഐഎം നേതാക്കളുടെ അഴിമതി അക്കമിട്ട് എണ്ണിപ്പറയുന്ന ശബ്ദരേഖയിലുള്ളത് തന്‍റെ ശബ്ദം തന്നെയെന്ന് സിപി ഐഎം പുറത്താക്കിയ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം നിബിന്‍ ശ്രീനിവാസന്‍. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദ് തന്നോട് സംസാരിക്കുന്ന സംഭാഷണമാണ് പുറത്തുവന്നതെന്നും എങ്ങനെയാണ് സംഭാഷണം പുറത്തുവന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
താൻ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് തന്നെ പുറത്താക്കിയതെന്ന് നിബിന്‍ ശ്രീനിവാസന്‍ പറഞ്ഞു. തന്നോട് വിശദീകരണം പോലും ചോദിക്കാതെയാണ് സംഘടന നടപടിയെടുത്തത്.അഴിമതി സംബന്ധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. അതില്‍ മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് പരസ്യപ്രതികരണവുമായി രംഗത്തെത്തിയതെന്നും നിബിന്‍ ശ്രീനിവാസ് പറഞ്ഞു.
അതേസമയം നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച ശരത് പ്രസാദിനെതിരെ പാര്‍ട്ടി എന്ത് നടപടി സ്വീകരിക്കുമെന്നും നിബിന്‍ ചോദിച്ചു. മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് നിബിനെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് ശരത് പ്രസാദും നിബിന്‍ ശ്രീനിവാസും തമ്മിലുള്ള ശബ്ദരേഖ പുറത്തുവന്നത്.
സിപിഐഎം നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണമുയര്‍ത്തിയാണ് ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമായ ശരത് പ്രസാദ് സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവന്നത്. അതേസമയം, അഞ്ചുവര്‍ഷം മുന്‍പുളള ഓഡിയോ സന്ദേശമാണ് പുറത്തുവന്നതെന്ന് ശരത് പ്രസാദും വ്യക്തമാക്കി. കരുവന്നൂര്‍ വിഷയം നടക്കുമ്പോഴുളള സംസാരമായിരുന്നു അതെന്നും നടത്തറ സഹകരണ ബാങ്ക് വിഷയവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഓഡിയോ പുറത്തുവന്നിരിക്കുന്നതെന്നും ശരത് പറയുന്നു. ഒന്നിച്ചിരുന്ന് സംസാരിച്ചപ്പോള്‍ റെക്കോര്‍ഡ് ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ലെന്നും തനിക്കൊപ്പം കമ്മിറ്റിയില്‍ ഉണ്ടായിരുന്നവരാണ് ഓഡിയോ പുറത്തുവിട്ടതെന്നും ശരത് വെളിപ്പെടുത്തി.