തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. മരണ സമയത്ത് കുഞ്ഞിന്റെ വയറ്റിൽ ക്ഷതമുണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇത് മൂലമുണ്ടായ ആന്തരിക രക്ഷാസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഈ ക്ഷതം എങ്ങനെ ഉണ്ടായി എന്ന കാര്യം അജ്ഞാതമായി തുടരുകയാണ്.
കൂടാതെ കുഞ്ഞിന്റെ കൈയിൽ മൂന്നാഴ്ചയോളം പഴക്കമുള്ള പൊട്ടലുമുണ്ട്. മരിക്കുന്നതിനു മുൻപ് ഉടുപ്പ് ഇട്ടുകൊടുത്തപ്പോൾ കുഞ്ഞ് കൈ വേദനിക്കുന്നുവെന്ന് പറഞ്ഞായി മൊഴിയുമുണ്ട്. ബിസ്ക്കറ്റും മുന്തിരിയും കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് മരിച്ചത് എന്നായിരുന്നു മാതാപിതാക്കളുടെ മൊഴി. അതിനാൽ കുഞ്ഞ് കഴിച്ചതെന്ന് കരുതുന്ന ഭക്ഷണത്തിന്റെ സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. അന്വേഷണസംഘം കുഞ്ഞിന്റെ മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യും. സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് നെയ്യാറ്റിൻകര പോലീസ് കേസെടുത്തിരിക്കുന്നത്.
കവളാകുളം ഐക്കരവിള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഷിജിലിന്റെയും കൃഷ്ണപ്രിയയുടെയും മകൻ ഇഹാൻ ജനുവരി 16ന് രാത്രി 9.30 നായിരുന്നു മരിച്ചത്. പിതാവ് വാങ്ങി നൽകിയ ബിസ്‌ക്കറ്റ് കഴിച്ച് അരമണിക്കൂറിന് പിന്നാലെ കുഞ്ഞ് ബോധരഹിതനായി വീഴുകയായിരുന്നു. കുഞ്ഞിന്റെ വായിൽ നിന്ന് നുരയും പതയും വരികയും ചുണ്ടിന്റെ നിറം മാറുകയും ചെയ്തിരുന്നു. ഉടൻ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. ഷിജിലും കൃഷ്ണപ്രിയയും മൂന്നുമാസത്തിലേറെയായി പിരിഞ്ഞുതാമസിക്കുകയായിരുന്നു. ബന്ധുക്കൾ ഇടപെട്ടതിനെ തുടർന്നാണ് വീണ്ടും ഇവർ ഒന്നിച്ച് താമസിച്ച് തുടങ്ങിയത്.














































