വെല്ലിങ്ടൻ: ഇന്ത്യക്കാർ അയയ്ക്കുന്ന ഇ-മെയിലുകൾ തുറന്നു നോക്കാറില്ലെന്നും അവയെ സ്പാം ആയാണ് പരിഗണിക്കുന്നതെന്നും ന്യൂസീലൻഡ് ഇമിഗ്രേഷൻ മന്ത്രി എറിക സ്റ്റാൻഫോഡ്. ഔദ്യോഗിക ഇമെയിലുകൾ പഴ്സനൽ മെയിലിലേക്കു ഫോർവേഡ് ചെയ്തു പരിശോധിക്കാറുണ്ടെന്ന് എറിക അടുത്തിടെ നടത്തിയ വെളിപ്പെടുത്തൽ വിവാദമായിരുന്നു. ഇതു സംബന്ധിച്ച ചോദ്യത്തിനു പാർലമെന്റിൽ മറുപടി പറയുമ്പോഴായിരുന്നു ഇന്ത്യക്കാരെ മൊത്തമായി ആക്ഷേപിച്ച് മന്ത്രിയുടെ പരാമർശം.
ഔദ്യോഗിക വിവരാവകാശ നിയമം പാലിക്കാറുണ്ടെന്നു പറഞ്ഞ എറിക, തനിക്ക് ഇന്ത്യക്കാരുടേതായി നിരവധി മെയിലുകൾ വരാറുണ്ടെന്നും പറഞ്ഞു. ‘‘കുടിയേറ്റ വിഷയങ്ങളിൽ ഉപദേശം തേടിയാണ് ഇന്ത്യക്കാർ മെയിൽ അയയ്ക്കാറുള്ളത്. അവരുടെ മെയിലുകൾക്കു മറുപടി അയയ്ക്കാറില്ലെന്നു മാത്രമല്ല, തുറന്നുപോലും നോക്കാറില്ല. അവ സ്പാം ആയാണ് പരിഗണിക്കാറുള്ളത്’’– മന്ത്രി പറഞ്ഞു.
എറികയുടെ വിവാദ പരാമർശം വലിയ ചർച്ചകൾക്കാണ് വഴി തുറന്നത്. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ മന്ത്രിക്കെതിരെ വലിയ വിമർശനമുയർന്നു. ന്യൂസീലൻഡിലെ ഇന്ത്യൻ വംശജയായ എംപി പ്രിയങ്ക രാധാകൃഷ്ണനും എറിക സ്റ്റാൻഫോഡിനെ രൂക്ഷമായി വിമർശിച്ചു.