യുഎസിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെയുള്ള പരിഷ്കാരങ്ങൾക്ക് അന്ത്യമില്ലാതെ വീണ്ടും തുടരുന്നു. ഇത്തവണ പണി കൊടുക്കുന്നത് പ്രവാസികൾക്കാണെങ്കിലും ഫലത്തിൽ മറ്റു രാജ്യങ്ങളേയും ബാധിക്കും. കാരണം യുഎസിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് അയയ്ക്കുന്ന പണത്തിന് അഞ്ച് ശതമാനം നികുതി ഏർപ്പെടുത്താനാണ് ട്രംപിന്റെ പുതിയ തീരുമാനം. നേരത്തെ ഇറക്കുമതി തീരുവ ഉൾപ്പെടെ വർദ്ധിപ്പിച്ചതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് പുതിയ നിയമ നിർമ്മാണത്തിനൊരുങ്ങുകയാണ് പ്രസിഡന്റ് ട്രംപ്.
ഇത് നിയമമാക്കിമാറ്റിയാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കനത്ത തിരിച്ചടിയാകുമെന്ന കാര്യം ഉറപ്പ്. പണം അയയ്ക്കുന്ന കേന്ദ്രത്തിൽ തന്നെ ഇത്തരത്തിൽ നികുതി ഈടാക്കാനാണ് യുഎസ് ഉദ്ദേശിക്കുന്നത്. നിലവിൽ 25 ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് അമേരിക്കയിൽ ജോലി ചെയ്തുവരുന്നത്.
അമേരിക്കൻ പ്രവാസികൾ പ്രതി വർഷം ഇന്ത്യയിലേക്ക് 2,300 കോടി ഡോളർ അയയ്ക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ അഞ്ച് ശതമാനം നികുതി ഏർപ്പെടുത്തുന്നതോടെ രാജ്യത്തിന് കനത്ത തിരിച്ചടിയുണ്ടാകും. അതുപോലെ യുഎസിൽ തൊഴിലെടുക്കാൻ അനുവദിക്കുന്ന എച്ച്-1ബി വീസ, ഗ്രീൻ കാർഡ് ഉടമകൾ തുടങ്ങിയവർക്കും പുതിയ നികുതി നിർദ്ദേശം ബാധകമായേക്കും.
അതേപോലെ നികുതിവിധേയമായ പണമയയ്ക്കലിന് കുറഞ്ഞ പരിധിയുമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത്, ചെറിയ തുക അയച്ചാൽപ്പോലും 5% നികുതി നൽകേണ്ടിവരും. ജൂൺ- ജൂലൈ മാസത്തിലായി നിയമം പ്രാബല്യത്തിൽ വരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ട്രംപിന്റെ തീരുമാനം നിയമമാകുന്നതിന് മുൻപ് വലിയ അളവിൽ യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് പ്രവാസികൾ പണം അയക്കുമെന്നാണ് ഇപ്പോഴുള്ള വിലയിരുത്തൽ. അതുപോലെ നിയമം പ്രാബല്യത്തിൽ വന്നാൽ രാജ്യത്തേക്ക് അയയ്ക്കുന്ന പണത്തിലും വ്യത്യാസം വരുമെന്നും റിപ്പോർട്ടുകൾ പറയുന്നു.