കോഴിക്കോട്: സാമൂഹിക മാധ്യമ നിരോധനത്തിനെതിരെ നേപ്പാളിൽ ഉടലെടുത്ത പ്രക്ഷോഭം അതിന്റെ വന്യതയിലേക്കു കടന്നതോടെ കുടുങ്ങിപ്പോയത് കേരളത്തിൽനിന്നും പോയ വിനോദ സഞ്ചാരികൾ. നിരവധി മലയാളി വിനോദ സഞ്ചാരികളാണ് കാഠ്മണ്ഡുവിൽ കുടുങ്ങിയതെന്നാണ് റിപ്പോർട്ട്. കോഴിക്കോട് സ്വദേശികളായ നിരവധി പേരടക്കമുള്ളവരാണ് സ്ഥലത്ത് കുടുങ്ങിയത്.
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, മുക്കം, കൊടിയത്തൂർ എന്നിവിടങ്ങളിൽ നിന്ന് നേപ്പാളിലേക്ക് പോയ 40ഓളം വിനോദ സഞ്ചാരികളാണ് പെരുവഴിയിലായത്. കാഠ്മണ്ഡുവിന് സമീപമാണ് ഇവർ നിലവിലുള്ളത്. റോഡിൽ ടയർ ഇട്ട് കത്തിച്ചുള്ള പ്രക്ഷോഭം തുടരുന്നതിനാൽ ഇവർക്ക് മുന്നോട്ട് പോകാനായിട്ടില്ല. ഞായാറാഴ്ചയാണ് മലയാളി സംഘം നേപ്പാളിലേക്ക് പോയത്. സമൂഹിക മാധ്യമ നിരോധനം പിൻവലിച്ചെങ്കിലും നേപ്പാളിൽ ഇപ്പോഴും സംഘർഷത്തിന് അയവ് വന്നിട്ടില്ല. കൂടാതെ മന്ത്രിമാരുടെ വീടുകൾ വരെ പ്രക്ഷോഭകാരികൾ തകർക്കുകയും തീയിടുകയുമാണ്. പ്രക്ഷോഭത്തിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലുകളിൽ ഇതുവരെ 19 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതേ സമയം, സാമൂഹിക മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്നുണ്ടായ ജെൻ സി പ്രക്ഷോഭത്തിൽ നേപ്പാൾ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. കലാപത്തെപ്പറ്റി അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. ഈ സമിതിയോട് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടു.