കോട്ടയം: യെമൻ പൗരന്റെ കൊലപാതകത്തിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് ചർച്ചകൾക്കായി ഒരു സംഘം ഇന്ന് ആ രാജ്യത്ത് എത്തിയിട്ടുണ്ടെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ശുഭകരമായ വാർത്ത പ്രതീക്ഷിക്കുന്നു. ആരു ചർച്ച നടത്തിയാലും നല്ലതാണ്. എന്നാൽ ഇതു സംബന്ധിച്ചുള്ള സമൂഹമാധ്യമ പ്രതികരണങ്ങൾ ഒഴിവാക്കണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
കഴിഞ്ഞ ജൂലൈ 16ന് നടക്കാനിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഇന്ത്യൻ നയതന്ത്ര ഇടപെടലുകളെ തുടർന്ന് നീട്ടിവച്ചിരുന്നു. പിന്നാലെ വധശിക്ഷ നീട്ടിവെച്ചതിന്റെ ക്രെഡിറ്റിനായി പലരും രംഗത്തെത്തിയത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
പാലക്കാട് സ്വദേശിയാണ് നിമിഷപ്രിയ. 2008ൽ യെമനിലേക്ക് പോയ നിമിഷപ്രിയ തലാലുമായി ചേർന്ന് പിന്നീട് സ്വന്തമായി ഒരു ക്ലിനിക്ക് ആരംഭിച്ചു. അവരുടെ പാസ്‌പോർട്ട് കൈവശം വച്ചിരുന്ന ബിസിനസ് പങ്കാളി കൂടിയായ തലാലിനെ 2017ൽ കൊലപ്പെടുത്തിയെന്നതാണ് കേസ്. പാസ്‌പോർട്ട് തിരികെ വാങ്ങാനായി അമിതമായ അളവിൽ ലഹരിമരുന്ന് കുത്തിവച്ച് മയക്കിക്കിടത്താനായി ശ്രമിക്കുന്നതിനിടെ തലാൽ മരിച്ചു. തലാലിന്റെ മൃതദേഹം ഒരു വാട്ടർ ടാങ്കിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.