ദുബായ്: അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാൻ മികച്ച നിലയിൽ. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പാക്കിസ്ഥാൻ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 32 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 225 റൺസെന്ന നിലയിലാണ്. സെഞ്ചുറി തികച്ച സമീർ മിൻഹാസും (125), 38 റൺസുമായി അഹമ്മദ് ഹുസ്സൈനുമാണ് ക്രീസിൽ.
അതേസമയം ഫീൽഡിങ്ങിനിടെ വൈഭവ് സൂര്യവംശിക്ക് പരുക്കേറ്റത് ഇന്ത്യൻ ക്യാമ്പിൽ ചെറിയ ആശങ്ക സൃഷ്ടിച്ചു. ഫീൽഡിങ്ങിനിടെ ഒന്നിലധികം തവണ വൈഭവ് വഴുതിവീഴുകയായിരുന്നു. തുടർന്ന് മെഡിക്കൽ സംഘം താരത്തെ പരിശോധിച്ചു. അൽപ്പസമയത്തിന് ശേഷം താരം കളിക്കളത്തിൽ മടങ്ങിയെത്തി. വൈഭവിന്റെ പരുക്ക് വലുതല്ലെങ്കിലും ഇന്ത്യൻ ക്യാമ്പിൽ ആശങ്ക നിലനിൽക്കുന്നുണ്ട്
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ വെടിക്കെട്ടോടെയാണ് തുടങ്ങിയത്. ഓപ്പണർ സമീർ മിൻഹാസും ഹംസ സഹൂറും മികച്ച തുടക്കം നൽകിയതോടെ ടീം മൂന്നോവറിൽ 25-ലെത്തി. പക്ഷെ നാലാം ഓവറിൽ 18 റൺസെടുത്ത് സഹൂർ പുറത്തായി. പിന്നാലെ രണ്ടാം വിക്കറ്റിൽ ഒന്നിച്ച മിൻഹാസും ഉസ്മാൻ ഖാനും സ്‌കോറുയർത്തി. ഇരുവരും ക്രീസിൽ നിലയുറപ്പിച്ചതോടെ പത്തോവറിൽ 79-1 എന്ന നിലയിലായിരുന്നു പാക്കിസ്ഥാൻ.
ഇതിവിടെ ഗിയർ മാറ്റിയ സമീർ മിൻഹാസ് വേഗം സ്‌കോറുയർത്തി. ഇന്ത്യൻ ബൗളർമാരെ പലതവണ മിൻഹാസ് അതിർത്തികടത്തി. 29 പന്തിൽ നിന്ന് താരം അർധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. പതിമൂന്നാം ഓവറിൽ 100 കടന്ന പാക്കിസ്ഥാൻ പിടിമുറുക്കി. എന്നാൽ 35 റൺസെടുത്ത ഉസ്മാൻ ഖാനെ പുറത്താക്കി ഖിലാൻ പട്ടേൽ ബ്രേക്ക് ത്രൂ സമ്മാനിച്ചു.

















































