റായ്പൂർ: ന്യൂസിലാൻഡിനെതിരെ രണ്ടാം ടി20 യിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയതിനു പിന്നാലെ ഇഷാൻ കിഷന്റെ മരണക്കളിയുടെ ഫലം വിവരിച്ച് ക്യാപ്റ്റൻ സൂര്യകുമാർ. തനിക്കു സ്ട്രൈക്ക് കിട്ടാത്തതിൽ ഇടയ്ക്ക് ദേഷ്യംവരെ തോന്നിയെന്നാണ് നായകന്റെ കമെന്റ്.
209 റൺസ് വിജലക്ഷ്യം പിന്തുടർന്ന ഇന്ത്യ 15.2 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. രണ്ടര വർഷത്തിനു ശേഷം അന്താരാഷ്ട്ര ട്വന്റി20യിൽ അർധസെഞ്ച്വറി നേടിയ ഇഷാൻ കിഷനും (32 പന്തിൽ 76) ഒന്നരവർഷമായിട്ടുള്ള ട്വന്റി20യിലെ അർധസെഞ്ച്വറി ക്ഷാമം തീർത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവുമാണ് (37 പന്തിൽ 82*) ഇന്ത്യയുടെ വിജയശിൽപികൾ.
കളിക്കു ശേഷമാണ് ഇഷാൻ കിഷന്റെ ബാറ്റിങ്ങിനെ കുറിച്ച് രസകരമായ വെളിപ്പെടുത്തലുമായി ഇന്ത്യൻ ക്യാപ്റ്റനെത്തിയത്. മത്സരത്തിനിടെ ഇഷാനോട് തനിക്ക് ചെറിയ രീതിയിൽ ദേഷ്യം തോന്നിയിരുന്നു എന്നായിരുന്നു സൂര്യകുമാർ സമ്മാനദാനച്ചടങ്ങിൽ തമാശയ്ക്ക് പറഞ്ഞത്. അതിനുള്ള കാരണവും അദ്ദേഹം മത്സരശേഷം പറഞ്ഞു.
‘ഉച്ചഭക്ഷണത്തിന് എന്താണ് കഴിച്ചതെന്നോ മത്സരത്തിന് മുമ്പ് ഇഷാൻ എന്ത് പ്രീ-വർക്കൗട്ട് കഴിച്ചുവെന്നോ എനിക്കറിയില്ല. പക്ഷേ രണ്ട് വിക്കറ്റിന് ആറ് റൺസെന്ന നിലയിൽ ടീം നിൽക്കുമ്പോൾ ക്രീസിലെത്തി മറ്റാരും ഇത്തരത്തിൽ ബാറ്റുചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. പവർപ്ലേയിൽ എനിക്ക് സ്ട്രൈക്ക് നൽകാത്തതിൽ എനിക്ക് ദേഷ്യം വന്നിരുന്നു, പക്ഷേ അത് കുഴപ്പമില്ല. എനിക്ക് ഇനിയും സമയം ലഭിക്കുമെന്നും റൺസ് നേടാൻ കഴിയുമെന്നും എനിക്കറിയാമായിരുന്നു’ സൂര്യകുമാർ പറഞ്ഞു.













































