ന്യൂഡൽഹി: താരിഫ് സംഘർഷങ്ങൾക്കിടയിലGX യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ കുറിച്ചും ഇന്ത്യയെ കുറിച്ചും പറഞ്ഞ നല്ല വാക്കുകൾക്ക് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.’പ്രസിഡന്റ് ട്രംപിന്റെ നല്ല വാക്കുകളെയും നമ്മുടെ ബന്ധത്തെക്കുറിച്ചുള്ള ക്രിയാത്മകമായ വിലയിരുത്തലിനെയും അഭിനന്ദിക്കുന്നു’ പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
താരിഫ് സംഘർഷത്തിൽ പ്രതികരിക്കാതെ ട്രംപ് താൻ എപ്പോഴും മോദിയുമായി സൗഹൃദത്തിലായിരിക്കുമെന്നും അദ്ദേഹം ഒരു മികച്ച പ്രധാനമന്ത്രിയാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മിൽ ഒരു പ്രത്യേക ബന്ധമുണ്ട്. ആശങ്കപ്പെടാൻ ഒന്നുമില്ല. നമുക്കിടയിൽ ഇടയ്ക്ക് ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നുവെന്ന് മാത്രമേയുള്ളൂവെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഇതിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
‘ഞാൻ എപ്പോഴും (നരേന്ദ്ര) മോദിയുമായി സൗഹൃദത്തിലായിരിക്കും, അദ്ദേഹം ഒരു മികച്ച പ്രധാനമന്ത്രിയാണ്. അദ്ദേഹം മഹാനാണ്. ഞാൻ എപ്പോഴും സൗഹൃദത്തിലായിരിക്കും, എന്നാൽ ഈ പ്രത്യേക നിമിഷത്തിൽ അദ്ദേഹം ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല,’ വെള്ളിയാഴ്ച ഓവൽ ഓഫീസിൽ വെച്ച് ട്രംപ് പറഞ്ഞു.
ഇതോടെ ട്രംപിന്റെ അതേ വികാരം പൂർണ്ണമായി പങ്കുവെക്കുന്നുവെന്ന് അറിയിച്ച മോദി ഇന്ത്യയും യുഎസും തമ്മിൽ വളരെ ക്രിയാത്മകവും കാഴ്ചപ്പാടുള്ളതും സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തമുണ്ടെന്നും എക്‌സിൽ കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും മോശമായ ഘട്ടത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കടന്നുപോകുമ്പോൾ, ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ തയ്യാറാണോ എന്ന ചോദ്യത്തിനായിരുന്നു ട്രംപ് മോദിയെ പ്രകീർത്തിച്ചതും ഇന്ത്യയുമായി പ്രത്യേക ബന്ധമാണ് യുഎസിനെന്ന് വെളിപ്പെടുത്തിയതും
താൻ മോദിയുമായി എല്ലായ്‌പ്പോഴും സൗഹൃദത്തിലായിരിക്കുമ്പോഴും ഈ പ്രത്യേക നിമിഷത്തിൽ അദ്ദേഹം ചെയ്യുന്നത് തനിക്ക് ഇഷ്ടമല്ലെന്നും ട്രംപ് പറഞ്ഞിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പരാമർശം. ‘ഇന്ത്യ റഷ്യയിൽ നിന്ന് ഇത്രയധികം എണ്ണ വാങ്ങുന്നതിൽ ഞാൻ വളരെ നിരാശനായിരുന്നു, ഞാനത് അവരെ അറിയിക്കുകയും ചെയ്തു. ഞങ്ങൾ ഇന്ത്യയ്ക്ക് മേൽ വളരെ വലിയ താരിഫ് ചുമത്തി, 50 ശതമാനം താരിഫ്, ഞാൻ മോദിയുമായി വളരെ നല്ല ബന്ധത്തിലാണ്, അദ്ദേഹം മഹാനാണ്’ ട്രംപ് പറഞ്ഞു.