തിരുവനന്തപുരം: സ്വന്തം സ്വർണം ഉപയോഗിച്ച് ദ്വാരക പാലക ശിൽപ്പത്തിന് സ്വർണം പൂശാനാണ് ഉണ്ണികൃഷ്ണൻ പോറ്റി കരാറുണ്ടാക്കിയതെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു. എല്ലാ സ്‌പോൺസർമാരുടെയും ചരിത്രം പരിശോധിക്കാൻ ഒരു ബോർഡിനും സാധിക്കില്ല. ഉണ്ണികൃഷ്ണൻ പോറ്റി അയച്ച മെയിലിൽ സൂചിപ്പിച്ചിരുന്നത് ശബരിമല സന്നിധാനത്തെ സ്വർണമാണെന്ന് ആ സമയത്ത് കരുതിയില്ലെന്നും വാസു മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇ മെയിൽ കിട്ടിയെന്ന് സ്ഥിരീകരിക്കുന്നതാണ് എൻ വാസുവിൻറെ പ്രതികരണം.
എൻ വാസുവിന്റെ പ്രതികരണം ഇങ്ങനെ- ‘സ്വന്തം സ്വർണം ഉപയോഗിച്ച് ദ്വാരക പാലക ശിൽപ്പത്തിന് സ്വർണം പൂശാനാണ് ഉണ്ണികൃഷ്ണൻ പോറ്റി അന്ന് കരാറുണ്ടാക്കിയത്. പോറ്റിയുടെ ഇ-മെയിൽ കൈമാറിയിരുന്നു. ഇ-മെയിൽ അയച്ചത് സ്വാഭാവിക നടപടിയാണ്. മെയിലിൽ പറഞ്ഞിരിക്കുന്നത് ശബരിമലയിലെ സ്വർണമല്ല. ഉണ്ണികൃഷ്ണൻ പോറ്റിയെ സ്‌പോൺസർ എന്ന നിലയിൽ കണ്ടിട്ടുണ്ട്. അല്ലാതെ യാതൊരു ബന്ധവും ഇല്ല. ഒരു തരത്തിലുള്ള ഇടപാടുമില്ല.മാത്രമല്ല തന്റെ കാലത്തല്ല ദ്വാരപാലക ശിൽപ്പത്തിന്റെ അറ്റക്കുറ്റപ്പണി നടന്നത്. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ കുറിച്ച് ഇപ്പോഴാണ് എല്ലാവർക്കും സംശയം തോന്നിയത്’.
അതുപോലെ മെയിലിൽ പറയുന്ന സ്വർണം ശബരിമലയുടേതല്ല. പിന്നെല അതു സ്വർണമായിരുന്നോ, ചെമ്പായിരുന്നോ എന്ന് പറയാൻ താൻ വിദഗ്ധനല്ല. അതു സംബന്ധിച്ച് ഉറപ്പിച്ച് പറയാനും കഴിയില്ല. ചെമ്പായാലും തിളങ്ങും സ്വർണമാണേലും തിളങ്ങും. സ്വർണമാണോ ചെമ്പാണോ? എത്ര സ്വർണമുണ്ട്? എന്നൊക്കെ തിരുവാഭരണം കമ്മീഷണർക്ക് അറിയാം. തിരുവാഭരണം കമ്മീഷണറുടെ പരിധിയിൽ വരുന്നതാണ് ഇതെല്ലാം. അല്ലാതെ ദേവസ്വം പ്രസിഡന്റിന്റെ പരിധിയിൽ വരുന്നതല്ലെന്നും വാസു വ്യക്തമാക്കി.
അതേസമയം 2019 ഡിസംബറിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി അന്നത്തെ ദേവസ്വം പ്രസിഡന്റിന് അയച്ച രണ്ട് ഇ-മെയിൽ സന്ദേശങ്ങളിലെ വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിൽ ശബരിമല വാതിലുകളിലെയും ദ്വാരപാലകങ്ങളിലെയും സ്വർണപ്പണികൾ പൂർത്തിയാക്കിയശേഷവും ബാക്കി വന്ന സ്വർണം തൻറെ പക്കൽ ഉണ്ടെന്നും അധിക സ്വർണം ഒരു പെൺകുട്ടിയുടെ വിവാഹ ആവശ്യത്തിന് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെന്നും അതിൽ ദേവസ്വം പ്രസിഡന്റിന്റെ അഭിപ്രായം അറിയാനുമാണ് ഇ-മെയിൽ അയച്ചത്. 2019 ഡിസംബർ 9 നും 17 നുമായാണ് ഉണ്ണികൃഷ്ണൻ പോറ്റി ഇ-മെയിൽ സന്ദേശങ്ങൾ അയച്ചിരിക്കുന്നതെ ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു.
‘ഞാൻ ഉണ്ണികൃഷ്ണൻ പോറ്റി. ശബരിമല വാതിലുകളിലെയും ദ്വാരപാലകങ്ങളിലെയും സ്വർണപ്പണികൾ പൂർത്തിയാക്കിയശേഷവും എന്റെ പക്കൽ കുറച്ച് സ്വർണം അവശേഷിക്കുന്നുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡുമായി സഹകരിച്ച്, പിന്തുണ ആവശ്യമുള്ള ഒരു പെൺകുട്ടിയുടെ വിവാഹത്തിന് ഇത് ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതിൽ താങ്കളുടെ വിലപ്പെട്ട അഭിപ്രായം അറിയിക്കണം’ എന്നാണ് 2019 ഡിസംബർ 9 ന് അയച്ച ഇ-മെയിലിൽ ഉണ്ണികൃഷ്ണൻ പോറ്റി ആവശ്യപ്പെടുന്നത്.
അതേസമയം, ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളി കാണാതായതിൽ മറ്റു ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് ദേവസ്വം വിജിലൻസ്. 2019 ലെ മഹ്‌സറിൽ ശബരിമലയിലേത് ചെമ്പ് പാളികളാണ് എന്നെഴുതിയതിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, തിരുവാഭരണം കമ്മീഷണർ, എക്സിക്യൂട്ടീവ് ഓഫീസർ എന്നിവർക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തൽ. അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവാണ് ഇതിന് നിർദേശം നൽകിയതെന്നും വിജിലൻസ് ഹൈക്കോടതിയിൽ നൽകിയ ഇടക്കാല റിപ്പോർട്ടിൽ പറയുന്നു.