മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ഭാര്യയും കാമുകനും ചേർന്ന് നേവി ഉദ്യോഗസ്ഥനെ ദാരുണമായി കൊലപ്പെടുത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവ് സൗരഭ് രജ്‌പുത്തിനെ കൊല്ലുന്നതിനു മുന്നോടിയായി ലഹരിമരുന്ന് നൽകി മയക്കാൻ അദ്ദേഹത്തിന്റെ കുറിപ്പടിയിൽ ഭാര്യ കൃത്രിമം കാണിച്ചെന്നു പോലീസ് കണ്ടെത്തി. സൗരഭിന്റെ ഭാര്യ മുസ്‌കാൻ റസ്‌തോഗി കുറിപ്പടിയിൽ കൃത്രിമം കാണിച്ചാണ് ഉറക്ക ഗുളികകൾ വാങ്ങിയതെന്നു പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം അന്വേഷണത്തിന്റെ ഭാഗമായി വീട് റെയ്ഡ് ചെയ്തപ്പോഴാണ് ഉഷ മെഡിക്കൽ സ്റ്റോറിൽനിന്നു മുസ്‌കാൻ ഗുളികകൾ വാങ്ങിയതായി കണ്ടെത്തിയത്. അതേസമയം കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകൾ വിൽക്കാറില്ലെന്നു മെഡിക്കൽ സ്റ്റോർ ഉടമ പ്രതികരിച്ചു. മാർച്ച് നാലിനാണു മുസ്‌കാനും കാമുകനായ സാഹിൽ ശുക്ലയും ചേർന്നു സൗരഭ് രജ്പുത്തിനെ കുത്തിക്കൊന്നത്. മൃതദേഹം കഷ്ണങ്ങളാക്കി ഡ്രമ്മിനുള്ളിൽ സിമന്റ് ഉപയോഗിച്ച് അടച്ചു. മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് കൊല്ലപ്പെടുന്നതിനു മുൻപു ലഹരിമരുന്ന് കൊടുത്തിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. കുറ്റകൃത്യത്തിനു ശേഷം മുസ്കാനും സാഹിലും ഹിമാചൽ പ്രദേശിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോയി. സൗരഭിന്റെ ഫോണിൽനിന്നു സന്ദേശങ്ങൾ അയച്ച് അദ്ദേഹത്തിന്റെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
മാർച്ച് 18ന് മുസ്കാൻ അമ്മയോടു കുറ്റസമ്മതം നടത്തിയതോടെയാണു കൊലപാതക വിവരം പുറത്തുവന്നത്. ഇക്കാര്യം പോലീസിൽ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ മുസ്കാനും സാഹിലും അറസ്റ്റിലായി. സൗരഭിന്റെ ഹൃദയത്തിൽ 3 തവണ ആഴത്തിൽ കുത്തേറ്റതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. സൗരഭിന്റെ തല ശരീരത്തിൽനിന്ന് വേർപെട്ട നിലയിലും, കൈകൾ കൈത്തണ്ടയിൽനിന്ന് മുറിച്ചുമാറ്റിയ നിലയിലും, കാലുകൾ പിന്നിലേക്ക് വളഞ്ഞ നിലയിലും ആയിരുന്നു. കുടുംബത്തിന്റെ എതിർപ്പിനെ അവഗണിച്ച് 2016ലാണ് സൗരഭും മുസ്‌കാനും വിവാഹിതരായത്. ഇവർക്ക് ആറ് വയസുള്ള മകളുണ്ട്. മകളുടെ ജന്മദിനം ആഘോഷിക്കാനായി ലണ്ടനിൽ നിന്ന് ലീവെടുത്ത് വന്നതായിരുന്നു സൗരവ്.
അതേസമയം മുസ്‌കാന്റെ കുടുംബം കേസ് വാദിക്കാൻ വിസമ്മതിച്ചതോടെ തന്റെ കേസ് വാദിക്കാൻ സർക്കാർ അഭിഭാഷകനെ മുസ്‌കാൻ ആവശ്യപ്പെട്ടെന്നു സീനിയർ ജയിൽ സൂപ്രണ്ട് വീരേഷ് രാജ് ശർമ പറഞ്ഞു. മുസ്‌കാന്റെ കാമുകൻ സാഹിൽ ഇതുവരെ സർക്കാർ അഭിഭാഷകനെ ആവശ്യപ്പെട്ടിട്ടില്ല. കൂടാതെ 2 പ്രതികളും ജയിലിൽ ഒരുമിച്ച് താമസിക്കാൻ ആഗ്രഹിച്ചുവെന്നും ഇതിനായി അവശ്യപ്പെട്ടുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ അത് സാധ്യമല്ലെന്നു പറഞ്ഞതായും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.