ജറുസലം: വെടിനിർത്തൽ ചർച്ച തീരുമാനമാകാതെ നീണ്ടുപോകുതന്നതിനിടെ ഗാസയിലെ ദെയ്റൽ ബലാഹിൽ ആരോഗ്യകേന്ദ്രത്തിൽ ഇസ്രയേൽ ആക്രമണം നടത്തി. ബോംബാക്രമണത്തിൽ 10 കുട്ടികളടക്കം 16 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു ഗുരുതരമായി പരുക്കേറ്റു. ആരോഗ്യകേന്ദ്രത്തിനു മുന്നിൽ ഭക്ഷണത്തിനു കാത്തുനിന്നവരാണു കൊല്ലപ്പെട്ടത്. സംഘർഷത്തിലേക്കു നയിച്ച 2023 ഒക്‌ടോബർ 7 ലെ ആക്രമണത്തിൽ പങ്കാളിയായ ഭീകരരിൽ ഒരാളെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.
ഇന്ധനക്ഷാമം രൂക്ഷമായതിനാൽ ഗാസയിലെ പ്രധാന ആശുപത്രിയായ അൽ ഷിഫയിൽ ഒരു ഇൻക്യുബേറ്ററിൽ ഒന്നിലധികം നവജാതശിശുക്കളെ പരിചരിക്കേണ്ട സ്ഥിതിയാണെന്ന് ആശുപത്രി ഡയറക്ടർ ഡോ. മുഹമ്മദ അബു സെൽമിയ പറഞ്ഞു. അൽ ഷിഫയിൽ മാത്രം നൂറോളം പൂർണവളർച്ചയെത്താത്ത കുഞ്ഞുങ്ങളാണു ചികിത്സയിലുള്ളത്. മരുന്നുക്ഷാമത്തിനും ഇന്ധനക്ഷാമത്തിനുമിടയിൽ പരുക്കേറ്റ് ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും ദിവസവും പെരുകിവരുന്നത് ഗാസയിലെ ആരോഗ്യസംവിധാനത്തെ മുട്ടുകുത്തിച്ചുവെന്ന് ഡബ്ല്യുഎച്ച്ഒ പറഞ്ഞു.
130 ദിവസത്തിനിടെ ആദ്യമായി ഗാസയിൽ ഇന്ധനമെത്തിക്കാൻ സാധിച്ചെന്ന് യുഎൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് പറഞ്ഞു. ‘ഗാസയിൽ എത്തിച്ച 75,000 ലീറ്റർ ഇന്ധനം ഒരു ദിവസത്തെ ഊർജ ആവശ്യങ്ങൾക്കു പോലും പര്യാപ്തമല്ല. കൂടുതൽ അളവിൽ ഇന്ധനം ഉടൻ ലഭ്യമാകുന്നില്ലെങ്കിൽ സേവനങ്ങൾ നിർത്തേണ്ടിവരും,” ഡുജാറിക് വ്യക്‌തമാക്കി. അതേസമയം, ഒന്നോ രണ്ടോ ആഴ്ച കൂടി കഴിയാതെ ദോഹയിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചയിൽ തീരുമാനമാവില്ലെന്ന സൂചനയാണ് ഇസ്രയേൽ കേന്ദ്രങ്ങൾ നൽകുന്നത്.