ദുബായ്: ചാംപ്യൻസ് ട്രോഫിയിൽ ബംഗ്ലദേശിനെതിരായ മിന്നും പ്രകടനത്തോടെ റെക്കോർഡുകൾ തകർത്തെറിഞ്ഞ് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. മത്സരത്തിൽ പത്തോവറുകൾ പന്തെറിഞ്ഞ ഷമി 53 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. ബംഗ്ലദേശിനായി സെഞ്ചുറി നേടിയ തൗഹിദ് ഹൃദോയുടെ വിക്കറ്റടക്കം വീഴ്ത്തിയ ഷമി, ചാംപ്യൻസ് ട്രോഫിയിലും ഏകദിന ലോകകപ്പിലും അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ പേസറായി. അതോടൊപ്പം ഏകദിന ക്രിക്കറ്റിൽ വേഗത്തിൽ 200 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ താരമായും ഷമി മാറി. 104 മത്സരങ്ങളിൽനിന്ന് നേട്ടത്തിലെത്തിയ ഷമി അജിത് അഗാർക്കറുടെ റെക്കോർഡാണു പഴങ്കഥയാക്കിയത്. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സിലക്ടറായ അഗാർക്കർ 133 ഏകദിന മത്സരങ്ങളിൽനിന്നാണ് 200 വിക്കറ്റിലെത്തിയത്.
ഇതുവരെ ഏകദിന ക്രിക്കറ്റിൽ 104 ഇന്നിങ്സുകള്‍ കളിച്ചിട്ടുള്ള മുഹമ്മദ് ഷമിയുടെ ആറാമത്തെ അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നു ബംഗ്ലദേശിനെതിരെയുള്ളത്. ഏകദിനത്തിൽ ഷമിയുടെ പേരിൽ 10 നാലു വിക്കറ്റ് പ്രകടനങ്ങളുമുണ്ട്. പരുക്കു കാരണം ക്രിക്കറ്റിൽനിന്ന് ഏറെക്കാലം വിട്ടുനിന്ന ഷമി ചാംപ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ജേക്കർ അലിയെ പുറത്താക്കിയായിരുന്നു 200 വിക്കറ്റ് നേട്ടത്തിലെത്തിയത്.
ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ വേഗതയേറിയ രണ്ടാമത്തെ 200 വിക്കറ്റ് പ്രകടനമാണിത്. ഓസ്ട്രേലിയൻ പേസർ മിച്ചല്‍ സ്റ്റാർക്ക് 102 മത്സരങ്ങളിൽ നിന്ന് 200 വിക്കറ്റ് തികച്ചിട്ടുണ്ട്. എന്നാൽ സ്റ്റാർക്കിന് 5240 പന്തുകൾ വേണ്ടി വന്നു ഈ നേട്ടത്തിലെത്താൻ. ഷമിയാകട്ടെ 5126 പന്തുകളിൽ 200 കടന്നു. ഏകദിനത്തിൽ 200 വിക്കറ്റ് നേട്ടം പിന്നിടുന്ന എട്ടാമത്തെ മാത്രം ഇന്ത്യൻ താരമാണ് മുഹമ്മദ് ഷമി.
അതേസമയം മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 162 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റുകൾ നഷ്ടമായി. രോഹിത് ശർമ (36 പന്തിൽ 41), വിരാട് കോലി (38 പന്തിൽ 22), ശ്രേയസ് അയ്യര്‍ (17 പന്തിൽ 15), അക്ഷർ പട്ടേൽ (12 പന്തിൽ 8) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. സ്കോർ 69 ൽ നിൽക്കെ രോഹിത് ശർമയെ ടസ്കിൻ അഹമ്മദിന്റെ പന്തിൽ റിഷാദ് ഹുസെയ്ന്‍ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. സ്കോർ 100 പിന്നിട്ടതിനു പിന്നാലെ സ്പിന്നർ റിഷാദ് ഹുസെയ്നാണു കോലിയെ പുറത്താക്കിയത്. ശ്രേയസ് അയ്യർക്കും വലിയ സ്കോർ കണ്ടെത്താൻ സാധിച്ചില്ല. മുസ്തഫിസുർ റഹ്മാന്റെ പന്തിൽ നജ്മുൽ ഹുസെയ്ന്‍ ഷന്റോ ക്യാച്ചെടുത്ത് ശ്രേയസിനെ മടക്കി. നേരത്തേയിറങ്ങിയ അക്ഷർ പട്ടേലും എട്ടുറൺസോടെ പുറത്തായി. ശുഭ്മൻ ഗില്ലും (99 പന്തിൽ 63), 14 പന്തിൽ 7 റൺസുമായികെഎൽ രാഹുലുമാണു ക്രീസിൽ.