തിരുവനന്തപുരം: എംആർ അജിത്കുമാറിനെ പോലീസിൽ നിന്നു മാറ്റി എക്സൈസ് കമ്മിഷണറായി നിയമിച്ചു സർക്കാർ ഉത്തരവായി. ശബരിമലയിലെ ട്രാക്ടർ വിവാദത്തെ തുടർന്നാണ് അജിത് കുമാറിനെ പോലീസിൽ നിന്നും മാറ്റാൻ തീരുമാനിച്ചത്. ട്രാക്ടർ വിവാദത്തിൽ ഹൈക്കോടതി അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ അജിത് കുമാറിനെ ബറ്റാലിയനിൽ നിന്ന് മാറ്റിയ വിവരം സർക്കാർ കോടതിയെ അറിയിക്കും.
അതേസമയം നിലവിലെ എക്സൈസ് ഹൈക്കമ്മീഷണറായിരുന്ന മഹിപാൽ യാദവ് അവധിയിൽ പ്രവേശിച്ചിരുന്നു. ഈ ഒഴിവിലേക്കാണ് അജിത് കുമാറിനെ മാറ്റുന്നത്. ജൂലായ് 12, 13 ദിവസങ്ങളിൽ അജിത്കുമാർ ട്രാക്ടറിൽ ശബരിമലയിലേക്ക് യാത്ര ചെയ്തത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സന്നിധാനത്ത് നവഗ്രഹവിഗ്രഹ പ്രതിഷ്ഠ നടന്ന ദിവസമാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. പമ്പയിൽനിന്ന് സന്നിധാനത്തേക്കും തിരിച്ചും ട്രാക്ടറിൽ നടത്തിയ യാത്രയാണ് വിവാദമായത്.
12 വർഷം മുമ്പ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ പമ്പ- സന്നിധാനം റൂട്ടിൽ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ എന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതിൽ ഉണ്ടാകാൻ പാടില്ലെന്നും വ്യക്തമാക്കിയിരുന്നു. ഈ നിരോധനം വകവെക്കാതെയാണ് അജിത്കുമാർ ട്രാക്ടറിൽ പേഴ്‌സണൽ സ്റ്റാഫുമായി യാത്ര നടത്തിയത്. സംഭവം ഏറെ വിവാദമായതോടെ ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി വിഷയത്തിൽ ഇടപെടുകയും അജിത്കുമാറിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. എഡിജിപി നടത്തിയത് ഗുരുതര നിയമലംഘനമാണ് എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. സംഭവത്തിൽ പമ്പ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഈ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് അജിത് കുമാറിനെ പോലീസിൽ നിന്ന് മാറ്റിയത്.
അതേസമയം ഇക്കഴിഞ്ഞ മേയിൽ അജിത്കുമാറിനെ എക്സൈസ് കമ്മിഷണറാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. പിന്നീട് ഈ ഉത്തരവ് ഒരാഴ്ചയ്ക്കം സർക്കാർ പിൻവലിച്ചു. ആ തസ്തികയിലേക്കാണ് ഇപ്പോൾ അജിത് കുമാറിന്റെ മടങ്ങിവരവ്. അനധികൃത സ്വത്ത് സമ്പാദനം, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ തുടങ്ങി വിവാദങ്ങളുടെ തോഴനായ നേരിട്ട എംആർ അജിത് കുമാർ 1995 ബാച്ച് ഉദ്യോഗസ്ഥനാണ്.