വാഷിംങ്ടൺ: മുൻകൂട്ടി നിശ്ചയിച്ചതു പ്രകാരം ബന്ദികളെ മോചിപ്പിക്കുന്നതടക്കമുള്ള സമാധാന പദ്ധതികൾ നടപ്പാക്കുന്നത് വൈകരുതെന്ന് ഹമാസിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻറെ മുന്നറിയിപ്പ്. നടപടികൾ എത്രയും വേഗത്തിലാക്കണമെന്നും വൈകിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ട്രൂത്ത് സോഷ്യലിൽ ട്രംപ് ഭീഷണിപ്പെടുത്തി.
ഹമാസ് ഉടൻ തന്നെ നടപടികൾ വേഗത്തിലാക്കണം. കാലതാമസം താൻ അനുവദിക്കില്ല. വൈകിയാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ട്രംപ് കുറിച്ചു. അതേസമയം ബന്ദികളുടെ കൈമാറ്റത്തിനും സമാധാന കരാർ പൂർത്തിയാക്കുന്നതിനുമായി ഗാസയിൽ ആക്രമണം നിർത്തിവെച്ച ഇസ്രയേലിനെ അഭിനന്ദിക്കുന്നതായും ട്രംപ് പറഞ്ഞു. 20 ഇന നിർദേശങ്ങളടങ്ങിയ ഗാസ പദ്ധതിയും ബന്ദി കൈമാറ്റവും നടപ്പാക്കാൻ ഇതാണ് പറ്റിയ സമയമെന്നും ട്രംപ് പറഞ്ഞു.
നെതന്യാഹുമായുള്ള കൂടിക്കാഴ്ചയിൽ ട്രംപ് മുന്നോട്ടുവച്ച 20 ഇന നിർദേശങ്ങൾ അടങ്ങിയ ഗാസ പദ്ധതിയെ ഹമാസ് ഭാഗികമായി അംഗീകരിച്ചിരുന്നു. എല്ലാ ബന്ദികളെയും വിട്ടയയ്ക്കാമെന്നാണ് ഹമാസ് അറിയിച്ചത്. പിന്നാലെ ആക്രമണം നിർത്താൻ ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ട്രംപിന്റെ നിർദേശം വകവെക്കാതെ ഗാസയിൽ ഇസ്രയേൽ ഇന്നലെ വീണ്ടും ആക്രമണം നടത്തിയിരുന്നു. ഇതിൽ 20 പേർ കൊല്ലപ്പെടുകയും ചെയ്തു.