കോട്ടയം: ഒരു കോടതിക്കും കൂച്ചുവിലങ്ങിടാനാവാതെ വീണ്ടും പിസി ജോർജ് രംഗത്ത്. പാലായിൽ കഴിഞ്ഞ ദിവസം നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിനെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകാനൊരുങ്ങി യൂത്ത് ലീഗ് പ്രവർത്തകർ ഇതിന്റെ ഭാഗമായി ഈരാറ്റുപേട്ട യൂത്ത് ലീഗിന് പുറമെ ദിശ സംഘടന അംഗങ്ങളും പോലീസിൽ പരാതി.
ഓൺലൈൻ മുഖേന സംഘടന അംഗം ദിനു വെയിൽ പാലാ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞമാസം 28-നാണ് പിസി ജോർജിന് ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ ജാമ്യം ലഭിച്ചത്. പിസി തന്റെ നാവിനെ നിയന്ത്രിക്കണമെന്ന കർശന ഉപാധികളോട് കൂടിയായിരുന്നു ജാമ്യം. അതുപോലെ സമാനമായ പരാമർശങ്ങൾ ഇനി ഉണ്ടാകരുതെന്ന് കോടതി താക്കീതും നൽകിയിരുന്നു.
ലൗ ജിഹാദ് പരാമര്‍ശം; പി.സി. ജോര്‍ജിനെതിരെ മൂന്ന് പരാതികള്‍; നടത്തുന്നത് കള്ളപ്രചരണം
എന്നാൽ കോടതി വിധി മാനിക്കാതെ വീണ്ടും വിദ്വേഷ പരാമർശങ്ങൾ നടത്തുന്ന പിസി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് യൂത്ത് ലീഗ് ആവശ്യം. ഇക്കാര്യത്തിൽ പോലീസ് വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് ഈരാറ്റുപേട്ട യൂത്ത് ലീഗ് പ്രവർത്തകരുടെ തീരുമാനം. പിസി ജോർജ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചു. പരാമർശത്തിൽ പറഞ്ഞിരിക്കുന്ന കണക്കുകൾ വസ്തുതാ വിരുദ്ധമാണെന്നും ശക്തമായ നിയമനടപടി വേണമെന്നും ഈരാറ്റുപേട്ട യൂത്ത് ലീഗ് പ്രവർത്തകർ ആവശ്യപ്പെട്ടു.
ലൗ ജിഹാദിലൂടെ മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുട്ടികളെ നഷ്ടമായെന്നായിരുന്നു പിസി ജോർജിൻറെ ഒരു പ്രസ്താവന. ക്രിസ്ത്യാനികൾ അവരുടെ പെൺമക്കളെ ഇരുപത്തിനാല് വയസാകുമ്പോഴേക്ക് വിവാഹം കഴിച്ചയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ പ്രസംഗത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
’22, 23 വയസാകുമ്പോൾ പെൺകൊച്ചിനെ കെട്ടിച്ചുവിടണ്ടേ മര്യാദ കാണിക്കണ്ടേ. ക്രിസ്ത്യാനി എന്തിനാണ് ഇരുപത്തിയഞ്ചും മുപ്പതും വയസുവരെ പെൺകുട്ടികളെ കെട്ടിക്കാതെ വയ്ക്കുന്നതെന്നും പിസി ജോർജ് ചോദിച്ചു. ഇന്നലെയും ഒരു കൊച്ച് പോയി. വയസ് 25. ഇന്നലെ രാത്രി ഒൻപതരയ്ക്കാ പോയത്. ഇരുപത്തിയഞ്ച് വയസ് വരെ ആ പെൺകൊച്ചിനെ പിടിച്ചുവച്ച അപ്പനിട്ട് അടി കൊടുക്കണ്ടേ. എന്താ ആ പെൺകൊച്ചിനെ കെട്ടിക്കാതിരുന്നെ, നമ്മൾ ചർച്ച ചെയ്യേണ്ട പ്രശ്നമാണി’തെന്നും പി സി ജോർജ് പറഞ്ഞിരുന്നു.