ന്യൂഡൽഹി: ജനസംഖ്യാ സന്തുലനത്തിന് ഓരോ കുടുംബത്തിലും മൂന്നു വീതം കുട്ടികൾ വേണം. മതപരിവർത്തനം മൂലമാണ് ജനസംഖ്യ വ്യതിയാനം ഉണ്ടാകുന്നതെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. നമ്മൾ രണ്ട്, നമുക്ക് മൂന്ന്’ എന്നതാവണം നമ്മുടെ ലക്ഷ്യം. ബ്രിട്ടീഷുകാർ അവരുടെ വിദ്യാഭ്യാസ സമ്പ്രദായം ഇന്ത്യയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു. അത് കാരണം ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായം ഇല്ലാതായി.
വിദ്യാർഥികൾ അവരുടെ ഭൂതകാലത്തെ കുറിച്ച് പഠിക്കണമെന്നും മോഹൻ ഭാഗവത്. വിദ്യാഭ്യാസം എന്നത് വിവരങ്ങൾ മനഃപാഠമാക്കുക എന്നതല്ല. സാങ്കേതികവിദ്യയും ആധുനികതയും വിദ്യാഭ്യാസത്തിന് എതിരല്ല. വിദ്യാഭ്യാസം എന്നത് കേവലം അറിവല്ല. ഒരാളെ സംസ്‌കാരമുള്ളവനാക്കുക എന്നതാണ് അത്. പുതിയ വിദ്യാഭ്യാസ നയം ശരിയായ ദിശയിലുള്ള ഒരു ചുവടുവയ്പ്പാണെന്നും മോഹൻ ഭാഗവത് പറഞ്ഞു. ആർഎസ്എസിന്റെ നൂറു വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അതുപോലെ ബിജെപി അധ്യക്ഷനെ തീരുമാനിക്കുന്നത് ആർഎസ്എസ് അല്ല. ബിജെപിയുടെ വിഷയങ്ങളിൽ ആർഎസ്എസ് ഇടപെടാറില്ല തങ്ങളാണ് തീരുമാനം എടുക്കുന്നതെങ്കിൽ ബിജെപി അധ്യക്ഷനെ തീരുമാനിക്കാൻ ഇത്ര വൈകുമോ എന്നും മോഹൻ ഭാഗവത് ചോദിച്ചു.
ബിജെപി പുതിയ അധ്യക്ഷനെ തീരുമാനിക്കാൻ എത്ര സമയം വേണമെങ്കിലും എടുക്കട്ടെ. അതിൽ ആർഎസ്എസിന് ഒന്നും പറയാൻ ഇല്ല. കേന്ദ്ര സർക്കാരുമായി മാത്രമല്ല, എല്ലാ സംസ്ഥാന സർക്കാരുകളുമായും നല്ല ബന്ധമാണ്. വിവിധ പരിവാർ സംഘടനകൾ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത്. എല്ലാവർക്കും ഒരേ അഭിപ്രായം ആവണമെന്ന് പറയാനാവില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു.
ഞങ്ങൾക്ക് കേന്ദ്രവുമായും സംസ്ഥാനങ്ങളുമായും നല്ല ഏകോപനമുണ്ട്. ആഭ്യന്തര വൈരുധ്യങ്ങളുണ്ടാകാം. എന്നാൽ ഒരു തരത്തിലുമുള്ള കലഹവുമില്ല. ഞങ്ങൾക്ക് എല്ലാ സർക്കാരുകളുമായും നല്ല ഏകോപനമുണ്ട്. ചില പ്രശ്നങ്ങൾ ഉണ്ടാകാം, പക്ഷേ തർക്കങ്ങളില്ല. ഒത്തുതീർപ്പിനെക്കുറിച്ച് സംസാരിക്കുമ്പോൾ അത് കൂടുന്നു. അഭിപ്രായങ്ങൾ ഉണ്ടാകാം, അത് ചർച്ച ചെയ്ത് ഒരു കൂട്ടായ തീരുമാനം എടുക്കുകയാണ്. തീരുമാനങ്ങളെടുക്കുന്ന കാര്യത്തിൽ ആർഎസ്എസും ബിജെപിയും പരസ്പരം വിശ്വസിക്കുന്നു. രണ്ട് സംഘടനകളുടെയും ലക്ഷ്യം ഒന്നാണെന്നും മോഹൻ ഭാഗവത് പറഞ്ഞു.