റിയോ ഡി ജനീറോ: ബ്രിക്സ് ഉച്ചകോടിയിൽ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക സമാധാനവും സുരക്ഷയുമാണ് ഭാവിയുടെ അടിത്തറയെന്ന് വിശേഷിപ്പിച്ച മോദി, ഭീകരവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്നും പറഞ്ഞു. പഹൽഗാം ഭീകരാക്രമണം മുഴുവൻ മനുഷ്യരാശിക്കെതിരെയുള്ള പ്രഹരമായിരുന്നുവെന്നും മോദി പറഞ്ഞു.
‘‘ഇന്ന് മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളിയായി ഭീകരവാദം മാറിയിരിക്കുന്നു. പഹൽഗാം ഭീകരാക്രമണം ഇന്ത്യയ്ക്ക് മാത്രമല്ല, മുഴുവൻ മനുഷ്യരാശിക്കും ഒരു പ്രഹരമായിരുന്നു. ഭീകരവാദികൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിൽ ഒരു മടിയും പാടില്ല. ഭീകരവാദത്തിന്റെ ഇരകളെയും അതിനെ പിന്തുണയ്ക്കുന്നവരെയും ഒരേ തുലാസിൽ തൂക്കിനോക്കാനാവില്ല. വ്യക്തിപരമോ രാഷ്ട്രീയമോ ആയ നേട്ടങ്ങൾക്കായി, ഭീകരതയ്ക്കു നിശബ്ദ സമ്മതം നൽകുകയും ഭീകരതയെയോ ഭീകരരെയോ പിന്തുണയ്ക്കുകയും ചെയ്യുന്നത് സ്വീകാര്യമല്ല. ഭീകരതയെക്കുറിച്ചുള്ള വാക്കുകൾക്കും പ്രവൃത്തികൾക്കും ഇടയിൽ വ്യത്യാസമുണ്ടാകരുത്. ഭീകരവാദത്തെ അപലപിക്കുക എന്നത് നമ്മുടെ തത്ത്വമായിരിക്കണം.’’ – മോദി പറഞ്ഞു,
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇറക്കുമതി തീരുവകൾ ആഗോള സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും ബ്രിക്സ് ഉച്ചകോടി ആരോപിച്ചു. ഏകപക്ഷീയമായ താരിഫ് വർധനവിൽ ആശങ്കക പ്രകടിപ്പിച്ച ബ്രിക്സ് ഉച്ചകോടി, ട്രംപിന്റെ നീക്കം നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് അറിയിച്ചതായി എഎഫ്പി റിപ്പോർട്ട് ചെയ്തു.
പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്സ് ഉച്ചകോടി. ഭീകരവാദികളുടെ അതിർത്തി കടന്നുള്ള നീക്കം, ഭീകരവാദ ധനസഹായം, സുരക്ഷിത താവളങ്ങൾ ഒരുക്കുക തുടങ്ങിയവയെ പ്രതിരോധിക്കാൻ ഉച്ചകോടി ആഹ്വാനം ചെയ്തു. ഇറാനിൽ ഇസ്രയേലും യുഎസും നടത്തിയ ആക്രമണത്തെയും ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെയും ബ്രിക്സ് ഉച്ചകോടി അപലപിച്ചു,
‘‘2025 ഏപ്രിൽ 22ന് ജമ്മു കശ്മീരിൽ 26 പേർ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക് പരിക്ക് പറ്റുകയും ചെയ്ത ഭീകരാക്രമണത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. അതിർത്തി കടന്നുള്ള ഭീകരവാദ നീക്കങ്ങളും ഭീകരവാദ ധനസഹായങ്ങളും സുരക്ഷിത താവളങ്ങൾ ഒരുക്കുന്നതുൾപ്പെടെ ഭീകരതയെ നേരിടാനുള്ള പ്രതിബദ്ധത ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു. ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ല. ഭീകരതയെ പ്രതിരോധിക്കുന്നതിൽ ഇരട്ടത്താപ്പ് ഒഴിവാക്കാൻ ഞങ്ങൾ അഭ്യർഥിക്കുന്നു’’ – ബ്രിക്സ് ഉച്ചകോടിയിൽ പറഞ്ഞു.