ന്യൂഡൽഹി: തീരുവയെച്ചൊല്ലിയുള്ള ഇന്ത്യ- യുഎസ് സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ കുറിപ്പ്. തീരുവയിൽനിന്ന് ഒഴിവാക്കിയിട്ടുള്ള അമേരിക്കൻ ഉത്പന്നങ്ങളുടെ പട്ടിക ഇന്ത്യ പുനഃപരിശോധിക്കുന്നെന്ന റിപ്പോർട്ടാണ് മന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് വിഭാഗം നിഷേധിച്ചത്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാറിൽ അന്തിമ ധാരണയാകാത്തതിന് പിന്നാലെ ഇന്ത്യൻ ഇറക്കുമതിക്കുമേൽ യുഎസ് 25 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയെന്നോണം, തീരുവയിൽനിന്ന് ഒഴിവാക്കിയിട്ടുള്ള അമേരിക്കൻ ഉത്പന്നങ്ങളുടെ പട്ടിക ഇന്ത്യ പുനഃപരിശോധിക്കുന്നെന്ന പ്രചാരണം തെറ്റാണെന്ന് വിദേശകാര്യമന്ത്രാലയം സാമൂഹികമാധ്യമമായ എക്‌സിൽ അറിയിച്ചു.
മാത്രമല്ല യുഎസുമായുള്ള ഉഭയകക്ഷി കരാറുകൾ ഇന്ത്യ പരിശോധിക്കുകയാണെന്നും സാമ്പത്തികമായി പ്രതിരോധത്തിലാക്കുന്ന നടപടികൾ തുടരുന്ന പക്ഷം അവ മരവിപ്പിച്ചേക്കുമെന്നുള്ള റിപ്പോർട്ടുകളും വ്യാജമാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. യുഎസിന്റെ 25 ശതമാനം തീരുവ പ്രഖ്യാപനത്തിന് പിന്നാലെ ഇരുകൂട്ടർക്കും പ്രയോജനകരമായ കരാറിലേക്ക് എത്തിച്ചേരാനുള്ള അതിതീവ്രശ്രമങ്ങളിലാണ് രണ്ടുരാജ്യങ്ങളുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടെെംസ് റിപ്പോർട്ട് ചെയ്തു.
വ്യാപാരക്കരാറുമായി ബന്ധപ്പെട്ട ആറാം ഘട്ട ചർച്ചകളിൽ പങ്കെടുക്കാൻ യുഎസിൽനിന്നുള്ള പ്രതിനിധി സംഘം ഓഗസ്റ്റ് 24ന് ന്യൂഡൽഹിയിൽ എത്തുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.