ചേറ്റുവ: വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. വിദ്യാർത്ഥികളെ സീറ്റിൽ നിന്ന് എഴുന്നേൽപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്താൽ അത്തരം ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. കുട്ടികളുടെ സംരക്ഷണത്തിനും ഉന്നമനത്തിനും സർക്കാർ മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചേറ്റുവ ജി.എം.യു.പി. സ്കൂളിന്റെ പുതിയ മൂന്നുനിലക്കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി 5,000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തിയാക്കിയതായും അദ്ദേഹം വ്യക്തമാക്കി.