ന്യൂഡല്‍ഹി: മോശം പ്രകടനം കാഴ്ചവയ്ക്കുന്ന മൂവായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് മെറ്റ അധികൃതര്‍. 3600 പേരെ പിരിച്ചുവിടുമെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് അറിയിച്ചത്. യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ തിങ്കളാഴ്ച മുതല്‍ പിരിച്ചു വിടല്‍ നടപടി ആരംഭിക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തു. അതേസമയം, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ് എന്നിവിടങ്ങളിലെ ജീവനക്കാരെ ‘പ്രാദേശിക നിയമങ്ങള്‍’ അനുവദിക്കാത്തതിനാല്‍ പിരിച്ചു വിടലില്‍ നിന്ന് ഒഴിവാക്കും. എന്നാല്‍ യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ മറ്റ് രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് ഫെബ്രുവരി 11 നും ഫെബ്രുവരി 18 നും ഇടയില്‍ പുറത്താക്കിയവര്‍ക്ക് കമ്പനിയുടെ അറിയിപ്പുകള്‍ ലഭിക്കും.
കഴിഞ്ഞ മാസമാണ് പ്രകടനം മോശമായ അഞ്ച് ശതമാനം തൊഴിലാളികളെ പുറത്താക്കുമെന്ന് മെറ്റ അറിയിച്ചത്. അതേസമയം, മെഷീന്‍ ലീര്‍ണിങ് വിഭാഗത്തിലെ എന്‍ജിനീയര്‍മാരുടെ എണ്ണം കൂട്ടാനും മെറ്റ തീരുമാനിച്ചിട്ടുണ്ട്. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് യുഎസിലെ തൊഴില്‍ വിപണിയില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച മാന്ദ്യം വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യുഎസിലെ തൊഴിലവസരങ്ങള്‍ ഡിസംബറില്‍ പ്രവചിച്ചതിനേക്കാള്‍ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് നിലവില്‍.
അതേസമയം ഇന്‍ഫോസിസിലും കൂട്ടപ്പിരിച്ചുവിടല്‍ തുടരുകയാണ്. 700ഓളം ജീവനക്കാരെ പിരിച്ചുവിടുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. കമ്പനിയില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ എടുത്ത ട്രെയിനി ബാച്ചിലെ പകുതിയിലധികം പേരെയും പിരിച്ചുവിട്ടെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ 400ലധികം പേരെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്‍ഫോസിസിന്റെ മൈസൂരു ക്യാംപസിലെ ട്രെയിനികളെയാണ് കൂട്ടത്തോടെ പിരിച്ച് വിട്ടത്. സിസ്റ്റം എഞ്ചിനീയേഴ്സ് ഡിജിറ്റല്‍ സ്പെഷ്യലിസ്റ്റ് എഞ്ചിനീയേഴ്സ് തസ്തികകളിലെ ട്രെയിനികള്‍ക്കെതിരെയാണ് നടപടി. ബാച്ചുകളായി വിളിച്ച് ഉദ്യോഗാര്‍ത്ഥികളോട് പിരിച്ച് വിടുന്നെന്ന് അറിയിപ്പ് നല്‍കുകയായിരുന്നു. അതേസമയം ഇന്റര്‍ണല്‍ അസസ്‌മെന്റുകള്‍ പാസാകാനുള്ള ഒന്നിലധികം ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്നാണ് ഇന്‍ഫോസിസിന്റെ വിശദീകരണം. കൂട്ടപ്പിരിച്ചുവിടലിനെതിരെ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് പരാതി നല്‍കുമെന്ന് ഐടി ജീവനക്കാരുടെ സംഘടനയായ എന്‍ ഐ ടി ഇ എസ് പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് ജോലിയില്‍ പ്രവേശിച്ച 700 ഓളം ട്രെയിനികളെ ഇന്‍ഫോസിസ് നിര്‍ബന്ധിതമായി പിരിച്ചുവിടാന്‍ തുടങ്ങിയതായും സംഘടന അറിയിച്ചു.