വാഷിങ്ടണ്‍: കൂട്ടപ്പിരിച്ചുവിടലിനുശേഷം ബാക്കിയുള്ള ജീവനക്കാരുടെ ബോണസില്‍ കൂറ്റന്‍ വര്‍ധനവ് വരുത്താനൊരുങ്ങി മെറ്റ. എക്‌സിക്യുട്ടീവ് തസ്തികയിലുള്ളവര്‍ക്കാണ് ബോണസ് തുക വര്‍ധിപ്പിക്കുക. വ്യാഴാഴ്ച നടന്ന ഒരു കോര്‍പ്പറേറ്റ് ഫയലിംഗില്‍, കമ്പനി വാര്‍ഷിക എക്‌സിക്യൂട്ടീവ് ബോണസ് പ്ലാനിനുള്ള ടാര്‍ഗെറ്റ് ബോണസ് ശതമാനത്തില്‍ വര്‍ധനവ് വരുത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചു. അതേസമയം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഓഫീസര്‍മാര്‍ക്കുമാത്രമാണ് ബോണസില്‍ 75 ശതമാനം വര്‍ധനവുണ്ടാകുകയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് ബോണസുണ്ടെങ്കിലും സിഇഒ ആയ മാര്‍ക്ക് സക്കര്‍ബര്‍ഗിന് ബോണസ് വര്‍ധനവൊന്നും ബാധകമാകില്ല.
മറ്റ് കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിഫലം 15 ശതമാനത്തിലധികം താഴെയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ബോണസില്‍ ഉടനടി മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് മെറ്റ അധികൃതര്‍ തീരുമാനിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് മെറ്റ, അഞ്ച് ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടത്. ഏറ്റവും കുറഞ്ഞ പ്രകടനം കാഴ്ചവെച്ച ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
ഇതിനിടെ, ആയിരക്കണക്കിന് ജീവനക്കാരുടെ ഓഹരി വിതരണത്തില്‍ പത്ത് ശതമനത്തോളം കുറവ് മെറ്റ അധികൃതര്‍ വരുത്തിയിരുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അതേസമയം തസ്തികയും പ്രദേശങ്ങളും അടിസ്ഥാനമാക്കിയുള്ള മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ ഇത് വ്യത്യാസപ്പെട്ടിരിക്കുന്നു. വിപണിയില്‍ വരുത്തിയ ഇത്തരത്തിലുള്ള തന്ത്രപ്രധാനമായ മാറ്റങ്ങള്‍ കാരണം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 47 ശതമാനം അധിക വര്‍ധനവാണ് മെറ്റയ്ക്കുണ്ടായിരിക്കുന്നത്. ഇത്തരത്തിലുള്ള വര്‍ധനവ് നിക്ഷേപകര്‍ക്ക് കമ്പനിയുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലൂടെയുള്ള വരുമാനത്തിലും എഐ നിക്ഷേപത്തിലുമുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതായാണ് വിപണി വിലയിരുത്തലുകള്‍.
Summary: Meta increased the bonus by 200% percentage after firing people