തിരുവനന്തപുരം: തിരുവനന്തപുരം ആർസിസി ആശുപത്രിയിൽ രോഗികൾക്ക് മരുന്ന് മാറി നൽകിയെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്. തലച്ചോറിലെ കാൻസറിന്, ശ്വാസകോശ കാൻസറിനുള്ള മരുന്ന് നൽകിയെന്ന വിവരമാണ് പുറത്ത് വരുന്നത്. നിലവിൽ രണ്ടായിരത്തിലധികം രോഗികൾക്ക് മരുന്നു മാറി നൽകിയെന്നാണ് അറിയുന്നത്.
മരുന്ന് പായ്ക്ക് ചെയ്തതിലെ പിഴവാണെന്നും ഗ്ലോബെല ഫാർമ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. അതേസമയം ആർസിസി സ്റ്റോറിലെ ജീവനക്കാരാണ് മരുന്നു മാറിയ വിവരം അറിഞ്ഞത്. രണ്ടായിരത്തിലധികം രോഗികൾക്ക് മരുന്ന് നൽകിയതായും ഈ രോഗികളെ ബന്ധപ്പെടാനുള്ള ശ്രമം ആരംഭിച്ചതായും ആശുപത്രി അധികൃതർ അറിയിച്ചു. മരുന്ന് പാക്കിങ്ങിൽ കമ്പനിക്ക് വന്ന പിഴവാണ് വീഴ്ചയ്ക്ക് കാരണമെന്നാണ് അറിയുന്നത്.