പാലക്കാട്: തന്റെ വലതുകൈ മുട്ടിനു മുകളിൽ വച്ചു മുറിച്ചുമാറ്റിയതോടെ അലറിക്കരഞ്ഞുകൊണ്ട് എട്ടുവയസുകാരി ചോദിക്കുന്നത് അമ്മാ എന്റെ കൈ മുറിച്ചുമാറ്റിയല്ലേ, എനിക്കിനി എന്തുചെയ്യാനാവും, എന്നാണ്… പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് എട്ട് വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയതായി മാതാപിതാക്കളുടെ പരാതി. പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈ ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് കുട്ടിയുടെ വലതു കൈ മുറിച്ചു മാറ്റിയത്.
കഴിഞ്ഞ സെപ്റ്റംബർ 24നാണ് സംഭവം. കളിക്കുന്നതിനിടെ വീണു വിനോദിനിയുടെ വലതുകൈയ്ക്കാണ് പരുക്കേറ്റത്.. അന്ന് തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്നു കുട്ടിയുടെ കൈയിൽ പ്ലാസ്റ്റർ ഇടുകയും ചെയ്തു. പ്ലാസ്റ്റർ ഇട്ട ശേഷവും കുട്ടിക്ക് വേദന ഉണ്ടെന്ന് അറിയിച്ചപ്പോൾ അഞ്ച് ദിവസം കഴിഞ്ഞ് വരാൻ ഡോക്ടർമാർ പറഞ്ഞു.പിന്നീട് പ്ലാസ്റ്റർ മാറ്റിയപ്പോൾ കുട്ടിയുടെ കൈയിൽ രക്തയോട്ടം നിലച്ചിരുന്നെന്നും കൈ അഴുകിയ നിലയിലായിരുന്നെന്നും അമ്മ പ്രസീത പറഞ്ഞു.
ഇതോടെ ഉടൻതന്നെ കുട്ടിയെ തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോകാൻ ഡോക്ടർമാർ പറയുകയായിരുന്നു. അവിടെയെത്തിയപ്പോൾ കുട്ടിയുടെ കയ്യിൽ പഴുപ്പ് പൂർണമായും ബാധിച്ചുവെന്നും കൈ മുറിച്ചുമാറ്റിയില്ലെങ്കിൽ ശരീരം മുഴുവനാകുമെന്നും പറഞ്ഞതായി കുട്ടിയുടെ മുത്തശി പറഞ്ഞു. തുടർന്ന് കുട്ടിയുടെ വലതു കൈ മുട്ടിനു മുകളിൽ വച്ചു മുറിച്ചുമാറ്റുകയായിരുന്നുവെന്ന് ഓമന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.
അതേസമയംഎട്ട് വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയിട്ടില്ലെന്ന് പാലക്കാട് ജില്ലാ ആശുപത്രി അധികൃതർ പറയുന്നു. ആശുപത്രിയുടെ ഭാഗത്തു നിന്ന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. സാധാരണ പോലെ തന്നെ എല്ലാ ചികിത്സയും നൽകിയിരുന്നു. സംഭവിച്ചത് അപൂർവങ്ങളിൽ അപൂർവമായ കാര്യമാണെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ. ജയശ്രീ പ്രതികരിച്ചു. കുട്ടിക്ക് വേദന വന്നിട്ടും ആശുപത്രിയിലെത്തിക്കാൻ വൈകി. അതിനാലാണ് ഈ ഒരു സ്ഥിതിയിലേക്കെത്തിയതെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.