മംഗളൂരു: വിചാരണത്തടവുകാരനെ കാണാൻ ജയിലിലെത്തിയ സുഹൃത്ത് എംഡിഎംഎയുമായി അറസ്റ്റിൽ. സംഭവത്തിൽ ജയിൽ സന്ദർശകനായ ഉർവ സ്റ്റോർ സ്വദേശി ആഷിഖിനെ (29) മംഗളൂരു ജില്ലാ ജയിൽ ഉദ്യോഗസ്ഥർ പിടികൂടി പോലീസിനു കൈമാറി.
കഴിഞ്ഞ ദിവസമാണ് ജില്ലാ ജയിലിലെ തടവുകാരനായ അൻവിത്തിനെ കാണാൻ ആഷിഖ് ജയിലിലെത്തിയത്. കയ്യിൽ ബിസ്‌കറ്റ് ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങളും ടൂത്ത് പേസ്റ്റും ബ്രഷുമായാണ് ആഷിഖ് എത്തിയത്. സാധനങ്ങൾ ഓരോന്നായി പരിശോധിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ടൂത്ത് പേസ്റ്റ് ട്യൂബ് ഞെക്കിനോക്കിയപ്പോൾ സംശയം തോന്നുകയായിരുന്നു. തുടർന്ന് ട്യൂബ് കീറി പരിശോധിച്ചപ്പോഴാണ് അതിനുള്ളിൽ ചെറിയ പാക്കറ്റിൽ എംഡിഎംഎയും മൂക്കിൽ വലിച്ചുകേറ്റാനുള്ള പ്ലാസ്റ്റിക് സ്ട്രോയുടെ കഷണങ്ങളും കണ്ടെത്തിയത്.
അതേസമയം സച്ചിൻ തലപ്പാടി എന്നയാളുടെ നിർദേശപ്രകാരമാണ് ലഹരി എത്തിച്ചുനൽകിയതെന്ന് ആഷിഖ് മൊഴി നൽകിയതായി ജയിൽ സൂപ്രണ്ട് ശരണ ബസപ്പ പറഞ്ഞു. ബർക്കെ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.


















































