ഗാസിയാബാദ്∙ ഗുരുഗ്രാമിൽ ഭാര്യയെ ഭർത്താവ് വിഷം കുത്തിവച്ച് കൊലപ്പെടുത്തി. 23കാരിയായ നഴ്സ് കാജലിനെയാണ് റേഡിയോളജിസ്റ്റായ ഭർത്താവ് അരുൺ ശർമയാണ് സിറിഞ്ചിൽ വിഷം നിറച്ച് കാജലിന്റെ ശരീരത്തിൽ കുത്തിയത്. സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിൽ. സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗാസിയാബാദിലെ ബെഹ്ത ഹാജിപൂർ സ്വദേശിയാണ് അരുൺ.
ഗുരുഗ്രാമിലെ ഒരു നഴ്സിങ് ഹോമിൽ ഒന്നിച്ച് ജോലി ചെയ്തവരായിരുന്നു അരുണും കാജലും. ആദ്യം ഇരുവരും തമ്മിൽ സൗഹൃദമായിരുന്നു. പിന്നീടത് പ്രണയമായി മാറി. അവസാനം ഇരുവരും വിവാഹം കഴിക്കാനായി തീരുമാനിച്ചു. കഴിഞ്ഞ നവംബറിലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞതോടെ അരുൺ നിസാര കാര്യങ്ങളുടെ പേരിൽ ഭാര്യയെ ഉപദ്രവിക്കാൻ തുടങ്ങി. സ്ത്രീധനത്തിന്റെ പേരിൽ ശല്യപ്പെടുത്താനും പണം ആവശ്യപ്പെട്ടും ഉപദ്രവം തുടർന്നു.
മാർച്ച് നാലാം തീയതി ഹോളി ആഘോഷത്തിനായി കാജലും അരുണും കാജലിന്റെ വീട്ടിലേക്ക് പോയിരുന്നു. 17ന് രാത്രി അരുൺ മദ്യപിച്ചാണ് കാജലിന്റെ വീട്ടിലെത്തിയത്. മദ്യലഹരിയിൽ അരുൺ കാജലിനെ മർദിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം അതിനെ പറ്റി സംസാരിക്കുന്നതിനിടയിലും ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായി. പിന്നാലെയാണ് കാജലിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലുംജീവൻ രക്ഷിക്കാനായില്ല.
പിന്നീടാണ് വീട്ടിലെ ശുചിമുറിയിൽ നിന്ന് ഒരു സിറിഞ്ച് കണ്ടെത്തിയതായി കാജലിന്റെ കുടുംബം പോലീസിനെ അറിയിച്ചത്. പിന്നാലെ അരുൺ മകളെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്ന് അവർ പോലീസിനോട് പറഞ്ഞു. പിന്നാലെ അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിൽ താൻ ഭാര്യയെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയതാണെന്ന് സമ്മതിക്കുകയായിരുന്നു.

















































