ആഗ്ര: ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നും പുരുഷന്മാരുടെ പ്രശ്‌നങ്ങള്‍കൂടി കേള്‍ക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്നും വീഡിയോയില്‍ ആവശ്യപ്പെട്ടതിനുശേഷം യുവാവ് മരിച്ചു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിന്നുള്ള ഒരു ടെക്കിയാണ് പുരുഷന്മാരെ അധികാരികള്‍ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ച് വീഡിയോ ചെയ്തതിനുശേഷം ജീവനൊടുക്കിയത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ (ടിസിഎസ്) ജീവനക്കാരനായിരുന്ന മാനവ് ശര്‍മ്മ ഫെബ്രുവരി 24 നാണ് വീട്ടില്‍ തൂങ്ങി മരിച്ചത്.
മാനവ് മരിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം സഹോദരിയാണ് മാനവിന്റെ ഫോണില്‍ നിന്ന് വീഡിയോ കണ്ടെത്തിയത്. കഴുത്തില്‍ കുരുക്കുമായി, മാനവ് റെക്കോഡ് ചെയ്ത വീഡിയോയില്‍ പുരുഷന്മാരെ അധികാരികള്‍ പരിഗണിക്കുന്നില്ലെന്ന് ആരോപിക്കുന്നുണ്ട്. ഭാര്യ മറ്റൊരു പുരുഷനുമായി പ്രണയത്തിലാണെന്ന് മാനവ് ആരോപിച്ചു.
‘ഇത് അധികാരികള്‍ക്ക് വേണ്ടിയുള്ളതാണ്. നിയമം പുരുഷന്മാരെ സംരക്ഷിക്കേണ്ടതുണ്ട്, അല്ലെങ്കില്‍ കുറ്റപ്പെടുത്താന്‍ പുരുഷന്മാരില്ലാത്ത ഒരു കാലം വരും. എന്റെ ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടായിരുന്നു, ഞാന്‍ നിസ്സഹായനാണ്’, മാനവ് വീഡിയോയില്‍ പറയുന്നു.
‘മരിക്കുന്നതില്‍ എനിക്ക് ഒരു പ്രശ്നവുമില്ല. എനിക്ക് പോകണം. ദയവായി പുരുഷന്മാരെക്കുറിച്ച് ചിന്തിക്കുക. എല്ലാവരും ക്ഷമിക്കണം. ആരെങ്കിലും പുരുഷന്മാരെക്കുറിച്ച് സംസാരിക്കണം. അവര്‍ വളരെ ഏകാന്തത അനുഭവിക്കുന്നു. ഞാന്‍ പോയാല്‍ എല്ലാം ശരിയാകും. ഞാന്‍ മുമ്പും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്.’
അതേസമയം മാനവ് പറഞ്ഞത് നിഷേധിച്ചുകൊണ്ട് ഭാര്യ നികിത മറ്റൊരു വീഡിയോ പുറത്തിറക്കി. ഭര്‍ത്താവ് മാനവ് തന്നെ മര്‍ദിച്ചുവെന്ന് വീഡിയോയില്‍ ആരോപിക്കുകയും ചെയ്തു. തന്റെ ഭൂതകാലത്തെക്കുറിച്ചാണ് മാനവ് പറഞ്ഞതെന്നും മാനവ് തന്നെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും നികിത പറഞ്ഞു.
അതേസമയം മാനവിന്റെ സഹോദരിയുടെ പരാതിയില്‍ നികിതയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.