പത്തനംതിട്ട: കഞ്ചാവ് ബീഡി വലിച്ചതിന് കസ്റ്റഡിയിൽ എടുത്തയാൾക്ക് മർദനം ഏറ്റെന്ന പരാതിയിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. കസ്റ്റഡിയിലെടുത്തയാൾ ആത്മഹത്യ ചെയ്ത സംഭവത്തലി് പത്തനംതിട്ട കോയിപ്രം സിഐയെ സസ്പെൻഡ് ചെയ്തു
പോലീസ് കസ്റ്റഡിയിൽ എടുത്തു വിട്ടയച്ച പത്തനംതിട്ട വരയന്നൂർ സ്വദേശി കെഎം സുരേഷിനെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മർദനം സ്ഥിരീകരിച്ചതോടെയാണ് കോയിപ്രം സിഐ ജി. സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തത്. പത്തനംതിട്ട വരയന്നൂർ സ്വദേശി കെ എം സുരേഷിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.
കഞ്ചാവ് ബീഡി വലിച്ചതിന് മാർച്ച് 16നാണ് സുരേഷിനെതിരെ കോയിപ്രം പോലീസ് കേസെടുത്തത്. തുടർന്ന് മാർച്ച് 19ന് സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. പിന്നീട് മാർച്ച് 22 നാണ് സുരേഷിനെ കോന്നിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സുരേഷിൻറെ വാരിയെല്ലുകൾ ഒടിഞ്ഞിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. അതുപോലെ തന്നെ ദേഹത്താകെ ചൂരൽ കൊണ്ട് അടിയേറ്റ രീതിയിൽ ചതവുകൾ ഉണ്ടായിരുന്നു.
മർദനമേറ്റെന്ന് തെളിഞ്ഞിട്ടും കേസന്വേഷിക്കേണ്ട പോലീസ് എഫ്ഐആറിൽ മാറ്റം വരുത്തിയില്ലെന്നും ആരോപണമുണ്ട്. വീട്ടിൽ നിന്നും അകലെ സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്ന് സഹോദരനും ആരോപിക്കുന്നു.