കുവൈത്ത് സിറ്റി: ഒരുമാസം മുന്‍പ് കുവൈത്തിലെത്തിയ മലയാളി യുവാവിനെ കാണ്മാനില്ല. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി സുരേഷ് ദാസനെയാണ് കാണാതായത്. ഫെബ്രുവരി ഒന്നാം തീയതി മുതലാണ് ഇയാളെ കാണാതായത്. ജാബിർ ആശുപത്രിയിലെ ലിഫ്റ്റ് ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ ഒന്നാം തീയതി ജോലി കഴിഞ്ഞ് തിരികെ മെഹബൂലയിലെ താമസസ്ഥലത്തിന് തൊട്ടടുത്ത ജങ്ഷനിൽ ട്രാൻസ്‌പോർട്ടേഷൻ വാഹനത്തിൽനിന്ന് സുരേഷ് ഇറങ്ങിയതിന് പിന്നാലെ അച്ഛനെ കുറിച്ച് ഒരു വിവരവും ലഭ്യമായിട്ടില്ലെന്ന് സുരേഷിന്‍റെ മകന്‍ ആകാശ് പറഞ്ഞു.
അച്ഛന്‍റെ ഫോണിൽ വിളിച്ചപ്പോൾ ഒരാൾ ഹിന്ദിയിൽ മറുപടി പറഞ്ഞ് ഫോൺ വെക്കുകയും പിന്നീട് ഫോണ്‍ നിർജീവമാകുകയും ചെയ്തതായി ആകാശ് പറഞ്ഞു. സുരേഷിന്‍റെ കമ്പനി അധികൃതർ സമീപത്തെ പോലീസ് സ്റ്റേഷനുകളിൽ പരിശോധന നടത്തിയെങ്കിലും ഇതുവരെ ഇയാളെ കണ്ടെത്താനായിട്ടില്ല. ഞായറാഴ്ച കമ്പനി അധികൃതർ സുരേഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകും.