ഭോപാൽ: മധ്യപ്രദേശിൽ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ നിന്ന് രക്തം സ്വീകരിച്ചതിലൂടെ തലാസീമിയ ബാധിച്ച അഞ്ച് കുട്ടികൾക്ക് എച്ച്ഐവി ബാധ. മധ്യപ്രദേശിലെ സത്നാ ജില്ലയിലാണ് സംഭവം. വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ (NHRC) അടിയന്തരമായി ഇടപെട്ടു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയുന്നതിനായി വിശദമായ റിപ്പോർട്ടുകൾ തേടിക്കൊണ്ട് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കമ്മിഷൻ നോട്ടീസ് നൽകി.
അതേസമയം ഏഴംഗ അന്വേഷണ സമിതിയുടെ പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ മധ്യപ്രദേശ് പൊതുജനാരോഗ്യ കുടുംബക്ഷേമ വകുപ്പ് കർശന നടപടികൾ ആരംഭിച്ചു. നടപടികളുടെ ഭാഗമായി സത്നാ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ഇൻ-ചാർജിനെയും രണ്ട് ലബോറട്ടറി ടെക്നീഷ്യൻമാരെയും സസ്പെൻഡ് ചെയ്തു. ഡോ. ദേവേന്ദ്ര പട്ടേൽ (പാത്തോളജിസ്റ്റ്, ബ്ലഡ് ബാങ്ക് ഇൻ-ചാർജ്), ലാബ് ടെക്നീഷ്യൻമാരായ റാം ഭായി ത്രിപാഠി, നന്ദലാൽ പാണ്ഡേ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കൂടാതെ, സത്നാ ജില്ലാ ആശുപത്രിയുടെ മുൻ സിവിൽ സർജനായിരുന്ന ഡോ. മനോജ് ശുക്ലയ്ക്ക് രേഖാമൂലം വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രതികരണം തൃപ്തികരമല്ലാത്തപക്ഷം കർശന വകുപ്പുതല നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തലാസീമിയ ബാധിച്ച കുട്ടികൾക്കാണ് രോഗബാധയുണ്ടായത്. മൂന്ന് ബ്ലഡ് ബാങ്കുകളിൽ നിന്ന് ശേഖരിച്ച ആകെ 189 യൂണിറ്റ് രക്തമാണ് കുട്ടികൾക്ക് നൽകിയത്. ഇത് ഏകദേശം 200 ദാതാക്കളിൽ നിന്നും ശേഖരിച്ച രക്തമെന്നാണ് റിപ്പോർട്ട്. ദാതാക്കളുടെ രക്തത്തിലൂടെയാണ് എച്ച്ഐവി പകർന്നതെന്നാണ് നിഗമനം.
അതേസമയം മധ്യപ്രദേശിൽ 70,000-ൽ അധികം എച്ച്ഐവി രോഗികളുണ്ടെന്നാണ് കണക്കുകൾ നൽകുന്ന സൂചന. നിരവധി ജില്ലകൾ ഉയർന്ന അപകടസാധ്യതയുള്ളതായി വർഗ്ഗീകരിക്കപ്പെട്ടതും കണക്കിലെടുക്കുമ്പോൾ രക്തസുരക്ഷാ മാനദണ്ഡങ്ങളിലെ ഒരു ചെറിയ ലംഘനം പോലും ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കുമെന്ന് പൊതുജനാരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
കുട്ടികളിൽ ആദ്യത്തെ എച്ച്.ഐ.വി. പോസിറ്റീവ് കേസ് 2025 മാർച്ച് 20-ന് റിപ്പോർട്ട് ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. തുടർന്ന് മാർച്ച് അവസാനം മുതൽ ഏപ്രിൽ ആദ്യം വരെ കൂടുതൽ പോസിറ്റീവ് കേസുകൾ കണ്ടെത്തി. ഈ കാലയളവിൽ, ബ്ലഡ് ബാങ്കുകളുടെ അടിയന്തര ഓഡിറ്റ് ആരംഭിച്ചില്ലെന്നും അതുപോലെ കൂടുതൽ പേർക്ക് രോഗം പകരാതിരിക്കാൻ പ്രതിരോധ നടപടികളും സ്വീകരിച്ചില്ലെന്നും എൻഡിടിവിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

















































