ബെംഗളൂരു: വിമാനത്താവളം വഴി സ്വർണം കടത്തവേ പിടിയിലായ കന്നഡ നടിയും കർണാടക ഡിജിപിയുടെ മകളുമായ രന്യ റാവുവിനെ ഡയക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് വലയിൽ വീഴ്ത്തിയത് കഴിഞ്ഞ കുറച്ചേറെ കാലത്തെ നിരീക്ഷണങ്ങൾക്കൊടുവിൽ. നടിയും ഐപിഎസ് ഓഫീസറുടെ മകളുമായ രന്യ ബെംഗളൂരു വിമാനത്താവളത്തിലാണ് സ്വർണവുമായി ചൊവ്വാഴ്ച പിടിയിലായത്. അതേസമയം ബ്ലാക്‌മെയിൽ ചെയ്താണ് തന്നെ കൊണ്ട് സ്വർണം കടത്തിച്ചതെന്നാണ് നടി അന്വേഷണ സംഘത്തോട് നൽകിയിരിക്കുന്ന വിശദീകരണം.
റവന്യൂ ഇന്റലിജൻസ് പിടിയിലാകുമ്പോൾ 14 കിലോ വരുന്ന സ്വർണക്കട്ടികൾ ബെൽറ്റിൽ ഒളിപ്പിപ്പിച്ചും 800 ഗ്രാം ആഭരണങ്ങളുമായിട്ടാണ് രന്യയുടെ കൈവശമുണ്ടായിരുന്നത്. താരത്തെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് ഇപ്പോൾ. രന്യയുടെ വീട്ടിലും ഡിആർഐ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. ഇവിടെ നിന്ന് 2.67 കോടി രൂപയും 2.06 കോടിയുടെ സ്വർണവും കണ്ടെടുത്തു.
ഈ വർഷം ജനുവരി മുതൽ രന്യ ഗൾഫിലേക്ക് പത്തിലധികം യാത്രകൾ നടത്തിയതിനെത്തുടർന്ന് ഡിആർഐ ഉദ്യോഗസ്ഥർക്ക് ചില സംശയങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് ഇവർ നിരീക്ഷണത്തിലായിരുന്നു. 15 ദിവസത്തിനിടെ നാലു ദുബായ് യാത്രകളാണ് രന്യ നടത്തിയിരുന്നത്. ഈ യാത്രകളിലെല്ലാം ഒരേ വസ്ത്രം ധരിച്ചതും സംശയങ്ങൾ വർധിപ്പിച്ചു. സ്വർണം ഒളിപ്പിച്ച ബെൽറ്റ് മറയ്ക്കുന്നതിനാണ് ഒരേ വസ്ത്രം തിരഞ്ഞെടുത്തതെന്നാണ് ഡിആർഐ ഉദ്യോഗസ്ഥരുടെ സംശയം.
അതേസമയം വിമാനത്തവളത്തിലെത്തുമ്പോൾ ലഭിച്ച പ്രോട്ടോക്കോൾ സംരക്ഷണവും ഇവർ സ്വർണക്കടത്തിന് മറയാക്കിയെന്നാണ് വിവരം. ബസവരാജു എന്ന പോലീസ് കോൺസ്റ്റബിൾ ടെർമിനലിൽ രന്യയെ കാണാറുണ്ടായിരുന്നു. രന്യയെ അനുഗമിച്ച് പുറത്തേക്ക് കൊണ്ടുപോയി സർക്കാർ വാഹനത്തിൽ കയറ്റിവിടുന്നത് ഈ ഉദ്യോഗസ്ഥനാണ്. വിമാനത്താവളത്തിലെ സാധാരണ പരിശോധനകൾ ഒഴിവാക്കിയായിരുന്നു ഈ നീക്കങ്ങൾ. ഇയാളേയും ഡിആർഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കർണാടക പോലീസ് ഹൗസിങ് കോർപ്പറേഷൻ ഡിജിപി ആയിട്ടുള്ള രാമചന്ദ്ര റാവുവിന്റെ മകളാണ് രന്യ. മകൾ പിടിയിലായത് സംബന്ധിച്ച് അദ്ദേഹം പ്രതികരണത്തിന് തയ്യാറായില്ല. നാലു മാസം മുമ്പ് വിവാഹിതയായ ശേഷം അവൾ വീട്ടിലേക്ക് വന്നിട്ടില്ലെന്നായിരുന്നു അദ്ദേഹം ഇതിനോട് പ്രതികരിച്ചത്. 2014ൽ റാവു ഐജിപിയായിരിക്കെ, പിടിച്ചെടുത്ത പണം ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടുള്ള വിവാദം ഇപ്പോഴും അന്വേഷണ പരിധിയിലാണ്.