ന്യൂഡല്‍ഹി: നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ചെന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. 2025 മാര്‍ച്ച് 27 വരെയുള്ള കണക്കനുസരിച്ച് 16 ലക്ഷം ആളുകള്‍ 2011 മുതല്‍ പൗരത്വം ഉപേക്ഷിച്ചെന്നു പാര്‍ലമെന്റിലെ ചോദ്യത്തിന് ഉത്തരമായി വെളിപ്പെടുത്തി.
ഇന്ത്യ തിളങ്ങുന്നെന്നും ഇന്ത്യ വന്‍ സാമ്പത്തിക ശക്തിയായെന്നുമൊക്കെ അവകാശപ്പടുന്നതിനിടെയാണ് ഇന്ത്യയില്‍നിന്നുള്ള കുടിയേറ്റവും പിന്നാലെയുള്ള പൗരത്വം ഉപേക്ഷിക്കലുമൊക്കെ പതിവാകുന്നത്. 1,22,819 (2011); 1,20,923 (2012); 1,31,405 (2013); 1,29,328 (2014); 1,31,489 (2015); 1,41,603 (2016); 1,33,049 (2017); 1,34,561 (2018); 1,44,017 (2019); 85,256 (2020); 1,63,370 (2021); 2,25,620 (2022), 2,16,219 (2023), 2,06,378 (2024) എന്നിങ്ങനെയാണു കണക്കുകള്‍. സംസ്ഥാന തലത്തില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ കണക്കുകള്‍ ലഭ്യമല്ലെന്നും രാജ്യസഭയില്‍ വിദേശകാര്യ മന്ത്രി നല്‍കിയ മറുപടിയില്‍ പറയുന്നു.
2011 മുതല്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധനവുണ്ടായി. കോവിഡ് കാലത്തിന് ശേഷമുള്ള രണ്ട് വര്‍ഷത്തില്‍ ഇന്ത്യന്‍ പൗരത്വം ഒഴിവാക്കുന്നവരുടെ എണ്ണത്തില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ച കാണാം. 2022ല്‍ മാത്രം 2,25,620 പേരാണ് മോദി ഭരണത്തില്‍ പൗരത്വം വേണ്ടെന്നുവച്ചത്. പൗരത്വം ഉപേക്ഷിച്ച് യൂറോപ്പിലേക്കും അമേരിക്കയിലേക്കും കുടിയേറുന്ന ഇന്ത്യക്കാര്‍ അതിനായി പറയുന്ന കാരണങ്ങളാണ് പ്രധാനം. നല്ല വിദ്യാഭ്യാസം, തൊഴില്‍ സാധ്യത പിന്നെ കുടുംബ ജീവിതവും.
ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അതിന്റെ മേധാവികളെയും കേന്ദ്രീകരിച്ചും അടുത്തിടെ ഉയര്‍ന്ന വിവാദങ്ങളുമൊക്കെ വിദ്യാര്‍ഥികളെയും കൂടുതലായി വിദേശത്തേക്കു പറപ്പിച്ചെന്നാണു കരുതേണ്ടത്. നരേന്ദ്ര മോദിയെ ഏറ്റവും കൂടുതല്‍ പിന്തുണച്ച മധ്യവര്‍ഗത്തില്‍നിന്നുള്ളവരാണ് ഇതില്‍ ഏറെയും എന്നതും ശ്രദ്ധേയമാണ്.
എന്നാല്‍, ഇതേക്കുറിച്ചൊന്നും പറയാന്‍ കഴിയില്ലെന്നും ആളുകള്‍ പൗരത്വം ഉപേക്ഷിക്കുന്നതു വ്യക്തിപരമായ കാരണങ്ങളാലാണെന്നുമാണു മന്ത്രാലയത്തിന്റെ വിശദീകരണം. വിവര സമ്പദ്‌രംഗത്തിന്റെ കാലത്ത് ലോകതൊഴിലിടത്തെക്കുറിച്ചു സര്‍ക്കാരിനു ബോധ്യമുണ്ടെന്നും ഇന്ത്യക്കാര്‍ നിറഞ്ഞ ആഗോള മേഖല പ്രതീക്ഷ നല്‍കുന്നതാണെന്നും മന്ത്രി പറഞ്ഞു. കണക്കനുസരിച്ച് അല്‍ബേനിയ മുതല്‍ സാംബിയ വരെയുള്ള 135 രാജ്യങ്ങളുടെ പൗരത്വം ഇന്ത്യക്കാര്‍ സ്വീകരിച്ചു. ഇതില്‍ പാകിസ്താനുമുണ്ട് എന്നതാണു കൗതുകകരം.