മോസ്കോ: റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്താനുള്ള കാത്തിരിപ്പിനൊടുവിൽ ക്ഷമനശിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ വിചിത്രമായ പെരുമാറ്റം. തുർക്ക്മെനിസ്താനിൽ നടന്ന അന്താരാഷ്ട്ര ഔദ്യോഗിക ഫോറത്തിനിടെ പുടിനും തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗനും തമ്മിൽ നടന്നുകൊണ്ടിരുന്ന കൂടിക്കാഴ്ചയ്ക്കിടയിലേയ്ക്ക് ഷെഹ്ബാസ് ഷെരീഫ് തള്ളിക്കയറുകയായിരുന്നെന്നാണ് റിപ്പോർട്ട്.
വെള്ളിയാഴ്ച തുർക്ക്മെനിസ്താനിൽ നടന്ന അന്താരാഷ്ട്ര ഔദ്യോഗിക ഫോറത്തിനിടെ റഷ്യൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഷെഹ്ബാസ് ഷെരീഫിന് 40 മിനിറ്റിലധികം കാത്തിരിക്കേണ്ടി വന്നിരുന്നു. തുടർന്നാണ് പുതിനും തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗനും തമ്മിൽ കൂടിക്കാഴ്ച നടക്കുന്നതിനിടെ, ആ മുറിയിലേക്ക് ഷെഹ്ബാസ് ഷെരീഫ് പൊടുന്നനെ കയറിവന്നത്. അകത്തുകയറിയ പാക് പ്രധാനമന്ത്രി പത്ത് മിനിറ്റിനുള്ളിൽ കൂടിക്കാഴ്ച അവസാനിപ്പിച്ച് മടങ്ങുകയും ചെയ്തു. സംഭവം ആഗോളതലത്തിൽ പുതിയ നയതന്ത്ര അഭ്യൂഹങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
സംഭവത്തിൻറെ വീഡിയോ പുറത്തുവന്നതോടെ പാക് പ്രധാനമന്ത്രിയുടെ പ്രവൃത്തിയെ പരിഹസിക്കുന്ന കമൻ്റുകളും സാമൂഹ്യമാധ്യമങ്ങളിൽ നിറയുന്നുണ്ട്. ‘40 മിനിറ്റ് കാത്തിരിപ്പിന് ശേഷം, ഡെലിവറി ബോയ് പോലും സ്ഥലംവിടും. എന്നാൽ, ഷെരീഫ് പോയില്ല’ എന്ന് ഒരാൾ കുറിച്ചു. ‘ട്രാഫിക് സിഗ്നലിലെ ഭിക്ഷക്കാരനെ അവഗണിക്കുംപോലെ പുതിൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയെ അവഗണിച്ചു’, മറ്റൊരാൾ പറഞ്ഞു.
കഴിഞ്ഞയാഴ്ച നടന്ന റഷ്യൻ പ്രസിഡന്റ്പുടിന്റെ ഇന്ത്യ സന്ദർശനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചകളും സ്വകാര്യ അത്താഴവിരുന്നും അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിയിരുന്നു. റഷ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ പാക്കിസ്ഥാൻ ആവർത്തിച്ച് ശ്രമിക്കുന്നതിനിടയിലായിരുന്നു ഇത്. വളരുന്ന ഇന്ത്യ–റഷ്യ ബന്ധം പാക്കിസ്ഥാന് തിരിച്ചടിയാകുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
2025 സെപ്റ്റംബറിൽ ചൈനയിൽ വെച്ച് നടന്ന ഉഭയകക്ഷിചർച്ചകളിൽ, പാക്കിസ്ഥാൻ റഷ്യയുമായി നയതന്ത്രം മെച്ചപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇന്ത്യ-പാക് അതിർത്തിയിൽ സന്തുലിതാവസ്ഥ കൊണ്ടുവരാൻ ശ്രമിക്കുന്നതിനും പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നതിനും ഷെഹ്ബാസ് ഷെരീഫ് പുടിനോട് നന്ദി പറഞ്ഞിരുന്നു. ഇന്ത്യയുമായുള്ള പുടിന്റെ ബന്ധത്തെ താൻ ബഹുമാനിക്കുന്നുണ്ടെന്നും അത് തികച്ചും വ്യക്തിപരമാണെന്നും ഷെരീഫ് അഭിപ്രായപ്പെട്ടിരുന്നു. എങ്കിലും, പാക്കിസ്ഥാനുമായുള്ള റഷ്യയുടെ ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.



















































