രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടിൽ ഫേസ്ബുക്ക് സ്റ്റോറിക്ക് ചിരിക്കുന്ന ഇമോജി ഇട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ 20 കാരന് ദാരുണാന്ത്യം. ബിഹാർ സ്വദേശിയും രാജ്‌കോട്ടിലെ ഫാക്ടറി തൊഴിലാളിയുമായ പ്രിൻസ് കുമാറാണ് കൊല്ലപ്പെട്ടത്.
നാല് മാസം മുൻപാണ് പ്രിൻസിന്റെ മുത്തച്ഛൻ മരിച്ചത്.
മുത്തച്ഛന്റെ ഓർമപങ്കുവെച്ച് പ്രിൻസ് അദ്ദേഹത്തിന്റെ ഫോട്ടോ ഫേസ്ബുക്ക് സ്റ്റോറിയായി പങ്കുവെച്ചിരുന്നു. ഈ സ്റ്റോറിക്ക് ബിഹാർ സ്വദേശിയായ ബിപിൻ കുമാർ ചിരിക്കുന്ന ഇമോജി ഇട്ടതാണ് പ്രശ്‌നത്തിന് വഴിവെച്ചത്. ഇത് ചോദ്യം ചെയ്ത് ഇരുവരും ഫോൺ കോൾ വഴി തർക്കത്തിലേർപ്പെട്ടിരുന്നു. ശേഷം പരസ്പരം കണ്ടതോടെ കത്തികൊണ്ട് കുത്തുകയായിരുന്നു.സെപ്തംബർ 12നായിരുന്നു സംഭവം.
രാത്രി 12.30 ഓടെ ജോലിചെയ്യുന്ന ഫാക്ടറിക്ക് സമീപം ഓട്ടോറിക്ഷയിൽ ഇരിക്കുകയായിരുന്നു പ്രിൻസ്. തനിക്കെതിരെ നടന്നുവരുന്നതു കണ്ട ബിപിനെ വകവെക്കാതെ പ്രിൻസ് ഫാക്ടറിയിലേക്ക് നടന്നു. ഇതിനിടെ ബിപിന്റെ സുഹൃത്ത് ബ്രിജേഷ് ഗോണ്ട് പ്രിൻസിനെ തടഞ്ഞുനിർത്തി. പിന്നാലെ ബിപിൻ കത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് എഫ്‌ഐആറിൽ പറയുന്നു. സംഭവത്തിനു പിന്നാലെ പ്രിൻസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും സെപ്തംബർ 22 ന് യുവാവ് മരിച്ചു. ചികിത്സിലുള്ള പ്രിൻസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.