കോഴിക്കോട്: മുനമ്പം ഭൂമി കേസില്‍ അന്തിമ ഉത്തരവിറക്കുന്നതിന് കോഴിക്കോട് വഖഫ് ട്രൈബ്യൂണലിന് വിലക്ക്. പക്ഷെ വഖഫ് ട്രൈബ്യൂണലിലെ വാദം തുടരുന്നതിന് തടസമില്ലെന്ന് ഹൈക്കോടതി. വഖഫ് ബോര്‍ഡ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ഹര്‍ജിയില്‍ ഫറൂഖ് കോളേജ് മാനേജ്‌മെന്റ് ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.
നോട്ടീസിന് എതിര്‍ കക്ഷികള്‍ ആറാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് ഡിവിഷന്‍ ബഞ്ചിന്റെ നിര്‍ദേശം. ജസ്റ്റിസുമാരായ അമിത് റാവല്‍, കെ വി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. പറവൂര്‍ സബ് കോടതിയിലെ രേഖകള്‍ വിളിച്ച് വരുത്തണമെന്ന വഖഫ് ബോര്‍ഡിന്റെ ആവശ്യം കഴിഞ്ഞ ദിവസം വഖഫ് ട്രൈബ്യൂണല്‍ തള്ളിയിരുന്നു.
ഇതിനെതിരെയാണ് വഖഫ് ബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചത്. സബ് കോടതിയിലെ രേഖകള്‍ വിളിച്ചുവരുത്തി പരിശോധിക്കാന്‍ നിര്‍ദേശം നല്‍കണം എന്നാണ് വഖഫ് ബോര്‍ഡിന്റെ ആവശ്യം. വഖഫ് ബോര്‍ഡിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മെയ് 26ന് വീണ്ടും പരിഗണിക്കും.