കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തതിനിടെയുണ്ടായ അഞ്ച് മരണത്തിൽ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ബന്ധുക്കളുടെ പരാതിയിലാണ് നടപടി. വടകര സ്വദേശി സുരേന്ദ്രൻ (59), വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻ (65), കൊയിലാണ്ടി സ്വദേശി ഗംഗാധരൻ (70), വയനാട് സ്വദേശനി നസീറ (44), ഗംഗ (34) എന്നിവരാണ് മരിച്ചത്.
അത്യാഹിത വിഭാഗത്തിലെ യുപിഎസ് റൂമിൽ പൊട്ടിത്തെറിയുണ്ടായ കനത്ത പുക കെട്ടിടത്തിന്റെ 4 നിലകളിലേക്കു പടർന്നതിനിടെയാണ് 5 മൃതദേഹങ്ങൾ അധികൃതർ മോർച്ചറിയിലേക്കു മാറ്റിയത്. ഇവരുടെ മരണം അപകടം മൂലമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. മാത്രമല്ല മരണകാരണം വ്യക്തമല്ലെന്നാണു നിലവിൽ അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ മരിച്ച അഞ്ചുപേരുടെ മൃതദേഹങ്ങളും പോസ്റ്റുമോർട്ടം ചെയ്യും.
അതേസമയം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ രോഗികളുടെ ചികിത്സ സമ്പൂർണമായി സർക്കാർ ഏറ്റെടുക്കണമെന്ന് ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞു. സാധാരണക്കാർ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത് സൗജന്യമായ ചികിത്സയ്ക്കാണ്. തീപിടിത്തം കാരണം സ്വകാര്യ ആശുപത്രിയിലേക്ക് പോകേണ്ടി വന്നത് അതീവ ഗൗരവകരമാണ്. വെന്റിലേറ്ററിൽ കിടക്കുന്ന രോഗിക്ക് ഒരു ദിവസം നല്ലൊരു തുകയാകും. ഇതിന്റെ ഉത്തരവാദിത്തം സർക്കാരിനാണ്. രോഗികളുടെ സാമ്പത്തിക ബാധ്യത സർക്കാർ ഏറ്റെടുക്കണം. ആ നിർദേശം ആശുപത്രികൾക്ക് ഇതുവരെ സർക്കാർ നൽകാത്തത് ഗുരുതരമായ വീഴ്ചയാണെന്നും സിദ്ദിഖ് ആരോപിച്ചു.
നിരവധി കെട്ടിടങ്ങളുള്ള കോഴിക്കോട് മെഡിക്കൽ കോളേജിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കാനുള്ള സ്ഥലം നൽകാൻ മെഡിക്കൽ കോളേജ് ഇതുവരെ തയാറായിട്ടില്ല. 20 സെന്റ് സ്ഥലം കൊടുത്തിരുന്നെങ്കിൽ ഇവിടെ തന്നെ ഫയർസ്റ്റേഷൻ ഉണ്ടാകുമായിരുന്നു. ഏതു മെഡിക്കൽ കോളേജിനും ഫയർ ആന്റ് സേഫ്റ്റി വിഭാഗമുണ്ടാകും. നിർഭാഗ്യവശാൽ ഇവിടെയൊരു ടെക്നീഷ്യൻ പോലുമില്ല. ഫയർ ആന്റ് സേഫ്റ്റിയുടെ കാര്യത്തിൽ വലിയ വീഴ്ചയാണുണ്ടായത്. അത് പ്രത്യേകമായി അന്വേഷിക്കണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു.
മാത്രമല്ല രോഗികളുടെ മരണത്തിലേക്ക് നയിച്ച വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണത്തിന് സർക്കാർ തയാറാകണം. നസീറ അത്യാഹിത വിഭാഗത്തിൽ കിടക്കുമ്പോൾ ജ്യൂസ് അടക്കം കുടിച്ച് രക്ഷപ്പെട്ട് വരികയായിരുന്നുവെന്നാണ് അവരുടെ കുടുംബം പറയുന്നത്. അതിനിടെയാണ് ഈ അപകടമുണ്ടായതെന്നും സിദ്ദിഖ് പറഞ്ഞു.