കോഴിക്കോട്: ലോ കോളSജ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിവാഹിതനായ ആൺസുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കോവൂർ സ്വദേശിയായ കാരക്കുന്നുമ്മൽ ഇ. അൽഫാനെ (34) വൈത്തിരിയിൽ നിന്നാണ് ഇന്ന് രാവിലെ ചേവായൂർ പോലീസ് വളഞ്ഞിട്ട് പിടികൂടിയത്.
വിദ്യാർഥിനിയുടെ മരണശേഷം മുങ്ങിയ പ്രതിയെ കണ്ടെത്താൻ പോലീസ് സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ ഗോവ, ബെംഗളൂരു, ഗൂഡല്ലൂർ, വയനാട് എന്നിവിടങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ വൈത്തിരിയിൽ പണമിടപാടുമായി ബന്ധപ്പെട്ട് അൽഫാൻ എത്തിയപ്പോൾ താമസസ്ഥലം വളഞ്ഞു പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തത്.
കഴിഞ്ഞ ഫെബ്രുവരി 24ന് വൈകിട്ട് 3.30ന് ആണ് വാപ്പോളിത്താഴത്തെ വാടക വീട്ടിൽ മൂന്നാം സെമസ്റ്റർ വിദ്യർഥിനി, തൃശൂർ പാവറട്ടി ഊക്കൻസ് റോഡിൽ കൈതക്കൽ മൗസ മെഹ്റിസിനെ (20) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൗസയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു.
തുടർന്ന് സഹപാഠികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആൺസുഹൃത്തിനായി പോലീസ് തിരച്ചിൽ നടത്തിയത്. മരണശേഷം മൗസയുടെ ഫോണും പോലീസിനു കണ്ടെത്താനായിരുന്നില്ല. മൗസയുടെ ഫോൺ അൽഫാൻ കൈക്കലാക്കിയിരുന്നു. വിവാഹിതനായ അൽഫാനും മൗസയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു. മൗസയുടെ ഫോൺ പ്രതി ബലമായി എടുത്തു കൊണ്ടുപോകുകയായിരുന്നു. കൂടാതെ മൗസയുടെ വീട്ടിൽ വിളിച്ചു അൽഫാൻ മോശം കാര്യങ്ങൾ പറഞ്ഞു. പൊതുമധ്യത്തിൽ വച്ചു മർദിച്ചു. മൗസ എത്ര ചോദിച്ചിട്ടും ഫോൺ തിരികെ കൊടുത്തില്ല. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം.
തിങ്കളാഴ്ച രാവിലെ ക്ലാസിൽ ഉണ്ടായിരുന്ന മൗസ പിന്നീട് ക്ലാസിൽ നിന്നിറങ്ങി. സുഹൃത്തുക്കളോട് സംസാരിച്ച ശേഷം മൂന്നരയോടെ താമസസ്ഥലത്തെത്തിയ കുട്ടിയെ അടുത്ത മുറിയിൽ താമസിക്കുന്ന വിദ്യാർഥി എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.